KeralaLatest NewsNews

എഡിജിപി അജിത് കുമാറിന്റെ കോടികള്‍ വരുന്ന ആഡംബര വീട് നിര്‍മാണം വിവാദത്തില്‍:സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തേണ്ടി വരും

തിരുവനന്തപുരം: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എഡിജിപി എം.ആര്‍. അജിത് കുമാറിന് തിരുവനന്തപുരത്ത് നിര്‍മിക്കുന്ന വീടും വിവാദത്തിലായി. തിരുവനന്തപുരം നഗരത്തില്‍ ഭൂമിക്ക് ഏറ്റവും വിലകൂടിയ മേഖലയിലാണ് അജിത് കുമാര്‍ വീട് നിര്‍മിക്കുന്നത്. കവടിയാര്‍ കൊട്ടാരത്തിന് സമീപം എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേര്‍ന്നാണ് 10 സെന്റില്‍ അജിത് കുമാര്‍ വീട് പണിയുന്നത്.

Read Also; തനിക്ക് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെ, മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് എഡിജിപി അജിത് കുമാര്‍

ഇതിനോട് ചേര്‍ന്ന് തന്നെ അജിത് കുമാറിന്റെ സഹോദരനും 12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. തലസ്ഥാനത്ത് ഇത്തരമൊരു സ്ഥലത്തിന് മാര്‍ക്കറ്റ് വിലയല്ല, മോഹവിലയാണ് നല്‍കേണ്ടിവരിക. ചതുശ്ര അടിക്കുപോലും ലക്ഷങ്ങള്‍ വിലപറഞ്ഞ് വാങ്ങുന്ന ഇടത്താണ് ഈ വീട് നിര്‍മിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സ്വര്‍ണക്കടത്തിലെ കണ്ണിയാണ് അജിത് കുമാറെന്ന് പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ അനധികൃതമായി പണം സമ്പാദിച്ചാണ് അജിത് കുമാര്‍ കവടിയാറില്‍ ‘കൊട്ടാരം’ പണിയുന്നതെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്.

അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കവടിയാറിലെ വീട് നിര്‍മാണവും അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന. ഇത്തരമൊരു സ്ഥലത്ത് കോടികള്‍ മുടക്കി സ്ഥലം വാങ്ങി വീണ്ടും കോടികള്‍ മുടക്കി ആഡംബര വീട് പണിയുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് അജിത് കുമാറിന് വെളിപ്പെടുത്തേണ്ടിവരും.

അജിത് കുമാര്‍ പണിയുന്നത് 12,000 ചതുശ്ര അടി വിസ്തീര്‍ണമുള്ള ബഹുനില മന്ദിരമാണെന്നാണ് അന്‍വര്‍ ആരോപിച്ചിട്ടുള്ളത്. സ്വര്‍ണം പൊട്ടിക്കല്‍, സമാന്തര അധോലോകം തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഇടത് എംഎല്‍എ പി.വി അന്‍വര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കവടിയാറിലെ അജിത് കുമാറിന്റെ വീട് നിര്‍മാണത്തിന്റെ വിവരങ്ങള്‍ അന്‍വര്‍ പുറത്തുവിട്ടത്.

 

 

shortlink

Post Your Comments


Back to top button