കൊച്ചി : മകന്റെ അകാലവിയോഗം തീര്‍ത്ത വേദന ഉള്ളിലൊതുക്കി അമ്മ വിടവാങ്ങി. അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍ വി. വിനോദിന്റെ അമ്മ മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തില്‍ (ലളിതാ നിവാസ്) എസ്. ലളിത (67) യാണ് ശാരീരിക അവശതകള്‍ക്കൊടുവില്‍ ഞായറാഴ്ച അന്തരിച്ചത്. മകന്റെ മരണം ഇവരെ പൂര്‍ണമായും തളര്‍ത്തിയിരുന്നു.
പ്രായത്തിന്റെ അവശതകള്‍ക്കൊപ്പം ഉറക്കമില്ലാത്ത രാത്രികളായിരുന്നു കടന്നുപോയ നാലുമാസം. ഭക്ഷണം കഴിക്കാതായത് ശാരീരികവിഷമതകള്‍ കൂട്ടി. ഇടപ്പള്ളി ചുറ്റുപാടുകര തീയാട്ടില്‍ റോഡില്‍ ഗോകുലംവീട്ടില്‍ മകള്‍ സന്ധ്യയ്‌ക്കൊപ്പമായിരുന്നു അവസാനനാളുകളില്‍ താമസം. മകന്റെ മരണശേഷം മഞ്ഞുമ്മലിലെ വീട്ടില്‍ ഇടയ്‌ക്കെത്തി മടങ്ങുമായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു വിനോദിനെ മറുനാടന്‍ തൊഴിലാളിയായ രജനീകാന്ത് കൊലപ്പെടുത്തിയത്. എറണാകുളം-പട്‌ന ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ ടിക്കറ്റ് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ പ്രതി വിനോദിനെ ചവിട്ടിവീഴ്ത്തി.
സമീപത്തെ ട്രാക്കിലേക്ക് തലയിടിച്ചുവീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
Leave a Comment