ഡൽഹി: ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകുകയും ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. മുന്നറിയിപ്പ് കിട്ടിയിട്ടും നടപടികൾ സ്വീകരിക്കാത്ത കേരള സർക്കാരും മുഖ്യമന്ത്രിയുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നു സന്ദീപ് വാചസ്പതി പറഞ്ഞു.
കുറിപ്പ് പൂർണ്ണ രൂപം
ദുരന്ത മുഖത്ത് രാഷ്ട്രീയം പാടില്ല. പക്ഷേ ദുരന്തം രാഷ്ട്രീയ നേതൃത്വത്തിൻ്റെ പിടിപ്പുകേട് മൂലമാകുമ്പോൾ എന്ത് ചെയ്യണം?. കേരളത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന് ജൂലൈ 23 ന് തന്നെ മുന്നറിയിപ്പ് നൽകിയതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വെളിപ്പെടുത്തി. മാത്രവുമല്ല ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുൻകൂറായി കേരളത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ എന്ത് നടപടിയാണ് പിണറായി സർക്കാർ സ്വീകരിച്ചത്? ഇരുന്നൂറോളം നിരപരാധികളെ കുരുതി കൊടുത്തതിൻ്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണ്. ആയിരക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ സർവ്വവും ഒരു നിമിഷം കൊണ്ടാണ് ഇല്ലാതായത്.
രാജ്യം നേടിയ ശാസ്ത്ര പുരോഗതിയുടെ നേട്ടം ഇന്നാട്ടിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് 7 ദിവസം മുമ്പ് മുന്നറിയിപ്പ് നൽകാൻ കഴിവുള്ള 4 രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. ലക്ഷക്കണക്കിന് കോടി രൂപയും പ്രതിഭാശാലികളായ അസംഖ്യം ശാസ്ത്രജ്ഞൻമാരുടെ തപസ്സിൻ്റെയും ഫലമാണ് ഈ നേട്ടം. ഇത് അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. നൂറു കണക്കിന് മനുഷ്യരുടെ കൊലപാതകത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ രാജി വെക്കണം. സ്വന്തം ജനതയോട് അതി ക്രൂരമായി പെരുമാറിയ ഈദി അമീനെ പോലും തോൽപ്പിക്കുന്ന ക്രൂരതയാണ് പിണറായി വിജയൻ മലയാളികളോട് ചെയ്തത്. ദുരന്ത നേതൃത്വത്തെ തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേചനം മലയാളികൾക്ക് ഉണ്ടാകാത്തിടത്തോളം ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നിരപരാധികൾ ഇരകളാകും.
Post Your Comments