KeralaLatest NewsIndia

എറണാകുളത്തു നിന്നും രണ്ട് വന്ദേഭാരതുകൾ, റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: എറണാകുളത്തു നിന്നും തമിഴ്നാട്ടിലെയും കർണടാകത്തിലെയും പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകരുടെ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം). കൊച്ചിയുടെ ടൂറിസം വികസനത്തിനായി കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് സമർപ്പിച്ച നിർദ്ദേശത്തിലാണ് സംഘടന ഇക്കാര്യം ആവശ്യപ്പെടുന്നത്.

എറണാകുളം – മധുര റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറും എറണാകുളം – ബെം​ഗളുരു – ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസും വേണമെന്നാണ് കെടിഎം ആവശ്യപ്പെടുന്നത്. കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇതുവഴി കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.മറ്റ് തെക്കേ ഇന്ത്യൻ സഞ്ചാരികൾ മാത്രമല്ല, വടക്കേ ഇന്ത്യക്കാരായ ടൂറിസ്റ്റുകൾക്കും കേരളത്തിലേക്കെത്താൻ ഈ ട്രെയിൻ സർവീസുകൾ ​ഗുണം ചെയ്യുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

കർണാടകത്തിലെ മൈസൂർ, ബംഗളൂരു, തമിഴ്‌നാട്ടിലെ മധുര, ചെന്നൈ എന്നിവിടങ്ങൾ സന്ദർശിക്കുന്ന വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളെ കേരളത്തിലേയ്ക്കും ആകർഷിക്കാൻ വന്ദേഭാരത് സഹായമാകും. ഒപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളെയും കൂടുതലായി ആകർഷിക്കാൻ കഴിയും. വന്ദേഭാരത് ട്രെയിനിലെ മികച്ച യാത്രാസൗകര്യവും ഗുണകരമാകുമെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നതിന് റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വ്യക്തമാക്കി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിനോദസഞ്ചാരരംഗത്തെ സംഘടനകളുടെ യോഗം വിളിച്ച് ചർച്ച നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button