Latest NewsKerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുലിന്റെ മരണം സംഭവിച്ചത്. ആരോ​ഗ്യനില ​ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.

ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മിലൻ. സംസ്കാരം ഇന്ന് 12 ന്.

മൃദുലിന്റെ മരണത്തോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെയായി മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കണ്ണൂർ, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു–ധന്യ ദമ്പതികളുടെ മകൾ വി.ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ പന്ത്രണ്ടിനാണ് മരിച്ചത്. ജനുവരിയിൽ സ്കൂളിൽ നിന്ന് മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂ‌ളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമായതെന്നാണു സംശയിക്കുന്നത്.

സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങൾ കണ്ടത്. തലവേദനയും ഛർദിയും ഭേദമാകാതെ വന്നതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ‌പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെർമമീബ വെർമിഫോമിസ് എന്ന അമീബയാണ് മരണത്തിന് കാരണമായതെന്നാണ് പരിശോധനാ ഫലത്തിൽ വ്യക്തമായത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 20 നാണ് മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിൽ കുളിച്ച ഫദ്‍വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്‌ക്കൊടുവിൽ ഫദ്‌വ മരണത്തിനു കീഴടങ്ങി.

നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇത്തരം നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. മൂക്കു വഴിയാണു നെഗ്ലേരിയ ഫൗലെറി അമീബ തലച്ചോറിലെത്തുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോഴോ മറ്റോ അങ്ങനെ സംഭവിക്കാം. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഓൽഫാക്ടറി നാഡി വഴിയാണു മൂക്കിൽ നിന്ന് ഈ അണുക്കൾ തലച്ചോറിലേക്കു പ്രവേശിക്കുക. ഈ അണുക്കൾ നേരിട്ടു മസ്തിഷ്ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും.

സാധാരണഗതിയിൽ അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 5–7 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, തലവേദന, ഛർദി, മയക്കം, അപസ്മാരം, തളർച്ച എന്നിവയാണു പൊതുവേ കാണുന്ന ലക്ഷണങ്ങൾ. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരം (പിഎഎം) അതിമാരകമാണ്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന ഈ അപൂർവ രോഗം വന്നു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത 3% മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button