KeralaMollywoodLatest NewsNewsEntertainment

കണ്ണിൽ ഇങ്ങനെ ലഹരി നിറയ്ക്കാൻ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? കുറിപ്പ്

ഇത് ബോധപൂർവ്വം ഭാഷ അറിഞ്ഞു ചെയ്യുന്ന ഒരു പരിശ്രമമാണെന്നു കരുതാനാവില്ല

മലയാളത്തിൻ്റെ പ്രിയ നടി ജയഭാരതിക്ക് ഇന്ന് 70 വയസ്സ്. ഒരു കാലഘട്ടത്തിന്റെ നായികാ രൂപമായ ജയഭാരതിയെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

കുറിപ്പ്

ചെറിയ തമിഴ് ചായ് വു ള്ള മലയാളത്തിലാണെങ്കിലും ജയഭാരതി താനഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു. ആ ശബ്ദവും ഉച്ചാരണരീതിയും ചിരിയും കുറുമ്പും തുള്ളലും നാണവുമെല്ലാം അക്കാലത്തെ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ചു.

ഒരേ കാലത്ത് നായികയായും പ്രതി നായികയായും ദേവതയായും ‘വെപ്പാട്ടി’യായും കാബറെ നർത്തകിയായും രതി രൂപിണിയായും ക്ലാസിക്കൽനർത്തകിയായും പതിവ്രതയായും ‘കളങ്കിത’യായും ഒരേ ഉശിരോടെയും ഉണർവ്വോടെയും അഭിനയിച്ചു. പ്രതിഛായാ നഷ്ടം ഭയന്നില്ല. തിരക്കോട് തിരക്കായിരുന്നു. ജയഭാരതി തിരശ്ശീലയിലെത്തിയാൽ ഒരാർപ്പാണ് പിന്നെ. അക്കാലത്തെ ആണുങ്ങളുടെ ഹൃദയമിടിപ്പായിരുന്ന നായിക.

read also: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: രോഗിയ്ക്ക് ദാരുണാന്ത്യം

സക്കറിയയേയും സുഭാഷ് ചന്ദ്രനെയും പോലെയുള്ള എഴുത്തുകാർ തങ്ങൾ യൗവനകാലത്ത് കൊണ്ടു നടന്നആ ആരാധന മറച്ചു വെക്കാതെ എഴുതിയിട്ടുണ്ട്.
ഗാനരംഗങ്ങളിലെ ജയഭാരതിയെ ശ്രദ്ധിച്ചിരിക്കുന്നത് എന്തൊരു ഗംഭീര കാഴ്ചാനുഭവമാണ്. അക്കാലത്ത് പാടി അഭിനയിക്കുന്ന നടികളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ് ജയഭാരതിയുടെ പാട്ടു രംഗങ്ങളിൽ കാണാനാവുക.

പാടുന്ന ഗായികയേക്കാൾ കൃത്യമായിരുന്നു ജയഭാരതിയുടെ ചുണ്ടനക്കങ്ങൾ. .അത് ഒരിടത്തും അമിതമാവുകയോ അഭംഗിയാവുകയോ ഇല്ല. വളരെ കൃത്യമായ അനുപാതമാണ് എല്ലാറ്റിനും. ഇത് ബോധപൂർവ്വം ഭാഷ അറിഞ്ഞു ചെയ്യുന്ന ഒരു പരിശ്രമമാണെന്നു കരുതാനാവില്ല .

കാറ്റു വന്നൂ കള്ളനെ പോലെ, താലിക്കുരുത്തോല പീലിക്കുരുത്തോല, പോലെയുള്ള ചടുല ഗതിയിലുള്ള പാട്ടുകൾ പാടുമ്പോൾ ഉകാരത്തിന് ചുണ്ടുകൾ വർത്തുളമാക്കുകയും എ, ഇ എന്നീ താലവ്യാക്ഷരങ്ങൾക്ക് ചുണ്ടിനെ നിവർത്തിക്കൊണ്ട് വ്യക്തത നൽകുകയും ചെയ്യുന്നത് കാണാനായി ഞാനത് പലതവണ നോക്കിയിരുന്നിട്ടുണ്ട്..

അതുപോലെ തന്നെ മാനത്തെ മഴമുകിൽ മാലകളെ പാടുന്ന നായികയെ നോക്കിയിരുന്നാൽ മതിയാവില്ല.’മുല്ലപ്പൂ ബാണനെ പോൽ മെയ്യഴകുള്ളോരെൻ’ പാടുന്ന സമയത്തെ ചുണ്ടുകൾ നായികമാർ ഗാനരംഗങ്ങളിൽ പാലിക്കേണ്ട ഉച്ചാരണ മാതൃകയെന്ന നിലയിൽ കണ്ടിരുന്നു പോകും.
മാധുരിയുടെ ശബ്ദത്തിൻ്റെ ത്രസിപ്പും തുറസ്സും ജയഭാരതിയുടേതുമായി ഏറെ ഇണങ്ങി നിന്നു. അതിനൊരു അടക്കമില്ലായ്മയുടെ അഴകുണ്ട്. ഷീലക്ക് സുശീല, ശാരദക്ക് ജാനകി, ജയഭാരതിക്ക് മാധുരി – എന്തൊരിണക്കമായിരുന്നു.

എത്രയെത്ര ചിത്രങ്ങൾ ! ഈയിടെ സന്ധ്യ മയങ്ങുന്നേരം എന്ന ചിത്രത്തിലെ ജയഭാരതിയുടെ ചന്തവും അഭിനയത്തിലെ ഒതുക്കവും മിതത്വവും കണ്ട് വീണ്ടും അവരെ ഞാനാഗ്രഹിച്ചു. സംഘർഷഭരിതമായ രംഗങ്ങളിൽ ഗോപിക്കൊപ്പമോ അതിനും മേലെയോ അവർ Perform ചെയ്തു. ഭരതനൊപ്പം ചേർന്നാൽ അവർ അപ്രതീക്ഷിത അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിച്ച അവസാന ചിത്രം .
മധു, സോമൻ, രാഘവൻ എന്നീ മൂന്നാണുങ്ങളുടെ പെണ്ണായ അശ്വതിയായിരുന്നു വാടകക്കൊരു ഹൃദയത്തിലെ ജയഭാരതി. അക്കാലത്തെ സൂപർ താരവും അവരായിരുന്നുവല്ലോ . ടൈറ്റിലുകൾ കാണിക്കുമ്പോൾ ജയഭാരതി എന്ന വലിയ ഒറ്റപ്പേരിനു താഴെ മാത്രമാണ് ബാക്കിയുള്ള താരങ്ങൾ മുഴുവൻ നിരന്നത്.

കണ്ണിൽ ഇങ്ങനെ ലഹരി നിറയ്ക്കാൻ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? അവരുടെ ശരീര അളവുകളായിരുന്നില്ല മുഖം തന്നെയായിരുന്നു വികാരോദ്ദീപകമായിരുന്നത്.
സത്യൻ- ജയഭാരതി, മധു – ജയഭാരതി, നസീർ -ജയഭാരതി, സോമൻ – ജയഭാരതി, വിൻസൻ്റ് – ജയഭാരതി , മോഹൻ -ജയഭാരതി ഒരു കാലത്തെ പ്രിയതാര ജോഡികൾ.
ജയഭാരതിക്ക് ഇന്ന് 70 വയസ്സ്. കലമാൻ്റെ മിഴിയുള്ള ആ കളിത്തത്തമ്മക്ക്, മലയാളത്തിൻ്റെ ജയഭാരതിക്ക് പിറന്നാളാശംസകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button