മനപൂർവ്വം യഥാർഥ പേര് മറച്ചുവച്ച് വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പിന്നീട് പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത പ്രവര്‍ത്തകനെതിരെ ശാരദകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം……
വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും ആൾക്കൂട്ട സമരങ്ങളിൽ ഇളകിയാട്ടം നടത്തുക.
പ്രതിപക്ഷ പാർട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പർക്കം പുലർത്തിയിരിക്കുന്നു എന്ന ഈ വാർത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാർട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.
മന:പൂർവ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിർപ്പും വെറുപ്പും എതിർ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം .
പക്ഷേ നിങ്ങൾ ഇങ്ങനെ ‘തൂറിത്തോൽപ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ്. ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്. ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.
രാഷ്ട്രീയയുദ്ധത്തിൽ ആശയങ്ങൾക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യിൽ കളിക്കാനുള്ള ‘പാവ’ ജീവിതങ്ങളായി നമ്മൾ മാറിപ്പോകുന്നതോർത്ത് ഒരു വോട്ടറെന്ന നിലയിൽ ലജ്ജയും ആത്മനിന്ദയും തോന്നുന്നു.
തല ഉയർത്താനാകാത്ത വിധം അപമാനിതയാകുന്നു. നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു
എസ് ശാരദക്കുട്ടി .
Post Your Comments