കൊല്ലം: മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. മുകേഷിന്‍റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി. പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി. മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്പ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിൻ്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും കമ്മിറ്റി വിലയിരുത്തി.
അതിനിടെ പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ ബാലനെതിരെ രൂക്ഷവിമർശനം ഉണ്ടായി. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറ്റവും ചർച്ചയായതായിരുന്നു എ കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമർശം. കമ്മിറ്റിയിലാണ് വിമർശനമുയർന്നത്. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും കമ്മിറ്റി വിലയിരുത്തി.
ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചു..
തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലന്റെ പരാമർശം പിന്നീട് രാഷ്ട്രീയ എതിരാളികൾ സിപിഎമ്മിനെ പരിഹസിക്കാൻ ഉപയോഗിച്ചു.
Post Your Comments