Latest NewsKeralaIndia

വിറ്റ ഫോണും ഇൻസ്റ്റാഗ്രാം അക്കൗണ്ടും സഹായകമായി, തിരുവല്ലയിൽ നിന്ന് നാടുവിട്ട പത്താംക്ളാസുകാരനെ കണ്ടെത്തി

തിരുവല്ല: ഒന്നരമാസം മുൻപ് എസ്എസ്എൽസി പരീക്ഷഫലം വരുന്നതിന് തലേന്ന് വീടുവിട്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി. 15 വയസുകാരനെ കണ്ടെത്തിയത് ചെന്നൈയിലെ ബിരിയാണിക്കടയിൽ ജോലി ചെയ്യവെയാണ്‌. കുട്ടി വിറ്റ ഫോൺ ഓൺ ആയതും മറ്റൊരു ഫോണിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. രണ്ട് തുമ്പുകളും കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിനും പിന്‍തുടര്‍ന്നുള്ള യാത്രകള്‍ക്കും ഒടുവില്‍ ഫലമുണ്ടായി.

ചെന്നൈ നഗരത്തിലെ ഒരിടത്ത് ബിരിയാണിക്കടയിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു കുട്ടി. ഇവിടെ നിന്ന് തിരുവല്ല പോലീസ് ആണ് കുട്ടിയെ കണ്ടെത്തുന്നത്. വീടിനു പുറത്ത് കളിക്കാന്‍വിടാതെ വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് എസ്.എസ്.എല്‍.സി. ഫലം കാത്തിരുന്ന കുട്ടി വീടുവിട്ടുപോയത്. പരീക്ഷാഫലത്തിന് തലേദിവസം, ഞാന്‍ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്തെഴുതിവെച്ചായിരുന്നു യാത്ര. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ കുട്ടിക്ക് ഒന്‍പത് എപ്ലസും ഒരു എ ഗ്രേഡും ഉണ്ടായിരുന്നു.

കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം വിവരങ്ങളൊന്നും കിട്ടിയില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു. 150-ലധികം സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയില്‍നിന്ന് കുട്ടി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായറിഞ്ഞു.തുടര്‍ന്ന് ട്രെയിനില്‍ ചെന്നൈയിലേക്ക് പോയെന്നും മനസ്സിലായി. കുട്ടി ഫോണ്‍ പിന്നീട് ചെന്നൈയില്‍ വിറ്റു. ഫോണ്‍ വാങ്ങിയത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരിയായിരുന്നു.

അയാളില്‍നിന്നു ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരന്‍ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തില്‍ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാള്‍ ഫോണ്‍ വാങ്ങിയശേഷം സിംകാര്‍ഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകള്‍ ലഭിച്ചത്. ഇതോടെ പോലീസ് സംഘം ചെന്നൈയില്‍ എത്തി. ഈ സമയം കുട്ടി ചെന്നൈയിലെ പാരീസ് കോര്‍ണര്‍ എന്ന സ്ഥലത്ത് രത്തന്‍സ് ബസാറിലെ നാസര്‍ അലി എന്നയാളുടെ ബിരിയാണിക്കടയില്‍ സഹായിയായി ജോലിനോക്കുകയായിരുന്നു.

അവിടെ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഫോണില്‍നിന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പോലീസിന് വ്യക്തമായത്. അവിടെയെത്തി കൂട്ടിക്കൊണ്ടുപോരുകയുംചെയ്തു. തിരുവല്ല ഡിവൈ.എസ്.പി. അഷദിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍, എസ്.സി.പി.ഒ.മാരായ മനോജ്, അഖിലേഷ്, സി.പി.ഒ. അവിനാശ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button