
കോഴിക്കോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത നേതാവിനെ സിപിഎം പുറത്താക്കി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെയാണ് സിപിഎം നടപടി എടുത്തത്. ‘നാട്ടുവാർത്ത’ എന്ന പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷൈജൽ നടത്തിയ അഭിപ്രായ പ്രകടനമാണ് നടപടിയിലേക്ക് നയിച്ചത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം പാർട്ടിനയത്തിന് വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണ് ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സി.പി.എം വാർത്താകുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തെ മുൻ നിർത്തി വിശ്വാസികൾക്കിടയിൽ കുപ്രചരണം നടത്താനും പാർട്ടിയെ കടന്നാക്രമിക്കാനും ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളിൽ പാർട്ടി സഖാക്കളും നാട്ടുകാരും ജാഗ്രത പുലർത്തണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ബിന്ദു ഉദയൻ്റെ അധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഏരിയാ സെക്രട്ടറി കെ. ബാബു, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.സി. വേലായുധൻ, ടി.എ. മൊയ്തീൻ എന്നിവർ പങ്കെടുത്തു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം ടി.എ. മൊയ്തീനാണ് പകരം ചുമതല.
Post Your Comments