Latest NewsKeralaIndia

തൊഴിലില്ലായ്മയിലും കേരളം നമ്പർ വൺ: സംസ്ഥാനത്ത് ജോലിയില്ലാത്തവരിൽ ഭൂരിഭാ​ഗവും യുവതികൾ- സർവേ റിപ്പോർട്ട്

ന്യൂഡൽഹി: തൊഴിലില്ലായ്മയിലും കേരളം നമ്പർ വൺ എന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ടിലാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് വ്യക്തമാക്കുന്നത്.

കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2024 ജനുവരി – മാർച്ച് കാലയളവിലെ കണക്കുകളാണ് സർവെയിൽ പറയുന്നത്. 15-നും 29-നും വയസിനിടയിൽ പ്രായമുള്ളവരെയാണ് സർവെയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ തൊഴിൽ ര​ഹിതരായ യുവാക്കളെക്കാൾ അധികം യുവതികളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് 15-നും 29-നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 46.6 ശതമാനവും തൊഴിൽരഹിതരാണ്. ഈ പ്രായ വിഭാഗത്തിൽ പ്പെട്ട യുവാക്കളിൽ 24.3 ശതമാനം തൊഴിൽരഹിതർ ആണെന്നാണ് കേന്ദ്ര സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ ജമ്മു കശ്മീർ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാൻ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹിയാണ്. 3.1 %.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോർട്ടാണ് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഈ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സർവേയിൽ വിശദീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബർ – ഡിസംബർ കാലയളവിൽ ഇത് 16.5 ശതമാനം ആയിരുന്നു. സർവേയിൽ കറന്റ് വീക്കിലി സ്റ്റാറ്റസ് (CWS) ന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button