
ന്യൂഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബൈഭവ് ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മാലിവാളിന്റെ ഇടത് കാലിനും വലത് കവിളിലും ചതവുകളുണ്ടെന്നും ക്രൂര മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും തെളിഞ്ഞു. ഡല്‍ഹി എയിംസിലെ ജയ് പ്രകാശ് നാരായണ്‍ അപെക്സ് ട്രോമ സെന്ററിലാണ് പരിശോധന നടന്നത്.
വലത് കണ്ണിന് താഴെയായാണ് ചതവുള്ളത്. മുഖത്ത് ആന്തരിക മുറിവുകളുണ്ടെന്നാണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണ് അന്വേഷണ സംഘം. ബൈഭവ് കുമാര്‍ തന്നെ എട്ട് തവണ മര്‍ദ്ദിച്ചതായും നിലവിളിച്ചപ്പോള്‍ നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയതായും സ്വാതി മാലിവാള്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഈ മാസം 13-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കെജ്രിവാളിന്റെ സിവില്‍ ലൈന്‍സ് വസതിയില്‍ എത്തിയപ്പോഴാണ് സ്വാതി മാലിവാളിന് ക്രൂര മര്‍ദ്ദനമേറ്റത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ബൈഭവ് അകാരണം അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് മാലിവാളിന്റെ പരാതിയില്‍ പറയുന്നു.
Post Your Comments