ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പൂനെ വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് മുന്നോടിയായി വിമാനം റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് ടഗ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഈ സമയം ഏകദേശം 180 ല്‍ അധികം യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം.
അടിയന്തര പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ഉടന്‍ തന്നെ നടപ്പിലാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയും ഡല്‍ഹിയിലേക്കുള്ള ബദല്‍ വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും അധികൃതര്‍ പറഞ്ഞു.
കൂട്ടിയിടിയുടെ കാരണം കണ്ടെത്താന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടിയില്‍ വിമാനത്തിന്റെ മുന്‍വശത്തിനും ലാന്‍ഡിംഗ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു.
Leave a Comment