കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു കെ.വി തോമസ്. 2019ല്‍ ലോക്സഭ സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസ് തന്നെ അപമാനിച്ചുവെന്ന് പരസ്യ പ്രസ്താവന നടത്തി വിവാദത്തിലായ കെവി തോമസ് സിപിഎം വേദികളിൽ പിന്നീട് സജീവമായി പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കെ വി തോമസിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. താൻ ജനിക്കുന്നതിന് മുമ്പ് കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങൾ അമ്മ പറഞ്ഞതിലൂടെ മനസിലാക്കിയവയാണ് കെ.വി തോമസ് തുറന്നുപറയുന്നത്.
സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കെ.വി തോമസ് പങ്കുവയ്ക്കുന്നത് ഇങ്ങനെ,
‘അമ്മ എന്റെ മൂത്ത ജേഷ്ഠൻ പ്രസവത്തിന് ശേഷം അമ്മയ്ക്ക് ഏഴ് അബോർഷനുകളാണ് നടന്നത്. എട്ടാമത്തെയാളാണ് ഞാൻ. അമ്മ ഗർഭിണിയായപ്പോള്‍ അമ്മയുടെ അനിയത്തിയുള്ളത് കലൂരിലാണ്. അന്ന് അവിടെ വൈദ്യമൊക്കെ നടത്തുന്ന സ്വാമിയുടെ ഒരു ആശ്രമം ഉണ്ടായിരുന്നു. എന്റെ അമ്മയെ അവിടെ കൊണ്ടുപോയി സ്വാമിയെ കാണിച്ചു. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്ന് സ്വാമി പറഞ്ഞു. അതുകൊണ്ട് അതിനുള്ള ക്രിയകള്‍ ചെയ്യണം. അത് ക്രൈസ്തവ രീതിയില്‍ ചെയ്താല്‍ മതിയെന്നും സ്വാമി പറഞ്ഞു’.
‘അതിന് ശേഷം അപ്പനും അമ്മയും പോയി ഇടപ്പള്ളി പള്ളിയില്‍ പോയി പ്രാർത്ഥിച്ചു. ഞങ്ങളുടെ വീടിന് ചുറ്റും പള്ളിയിലെ അച്ഛനെക്കൊണ്ട് വെഞ്ചരിപ്പിച്ചു. വീട്ടില്‍ പ്രത്യേക പ്രാർത്ഥന നടന്നു. അത് കഴിയുമ്പോഴാണ് എന്നെ പ്രസവിക്കുന്നത്. അന്ന് ഞാൻ കൊള്ളാവുന്ന ഭംഗിയുള്ള കുട്ടിയാണെന്നാണ് അമ്മ പറഞ്ഞത്. ഏഴ് അബോർഷൻ കഴിഞ്ഞ് എട്ടാമത്തെ കുട്ടിയായി ജനിച്ച എന്റെ മാമോദിസ കുമ്പളങ്ങി മുഴുവൻ അറിഞ്ഞ് നടത്തിയ മാമോദിസയായിരുന്നു. കാരണം അപ്പന് അന്ന് നല്ല കച്ചവടമായിരുന്നു. അന്ന് അച്ഛന്റെ സുഹൃത്തുക്കളെ, ആ നാട്ടിലെ പാവപ്പെട്ട ആളുകളെ വിളിച്ചിരുന്നു.’
‘അപ്പനും അമ്മയ്ക്കും പാവപ്പെട്ടയാളുകളോട് പ്രത്യേകം കനിവുണ്ടായിരുന്നു. അവരെ വിളിച്ചിരുത്തി അവർക്കെല്ലാം വസ്ത്രം കൊടുത്തു. ഭക്ഷണത്തിനായുള്ള അരിയും കൊടുത്തിരുന്നു. എനിക്ക് സ്വർണത്തിന്റെ മാലയും വളയും അരഞ്ഞാണമൊക്കെ ഇട്ടിട്ടുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. അതിന് ശേഷമാണ് അനിയൻ പീറ്ററും അനിയത്തി എലിസബത്ത് ജനിക്കുന്നത്. അനിയത്തി ഒന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ എപ്പിലെപ്സി രോഗം ബാധിച്ച് മരണപ്പെട്ടു’- കെവി തോമസ് പറഞ്ഞു.
Post Your Comments