കൊല്ലം: കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്‌സൺ ഓഫീസറായാണ് കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിട്ട ശേഷം കെ വി തോമസ് നടത്തിയ ഡൽഹി, ബെംഗളുരു യാത്രകൾ പരിശോധിച്ചാൽ കെ വി തോമസിന്റെ സംഘ പരിവാർ ബന്ധം വ്യക്തമാകും. സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ ധനസ്ഥിതിയിലൂടെ പോകുമ്പോൾ ഈ നിയമനം എന്തിന് വേണ്ടിയാണെന്നും സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണെന്നും വി ഡി സതീശൻ ചോദിച്ചു.
ഡൽഹിയിൽ ഇപ്പോൾ തന്നെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയുണ്ട്. റസിഡൻഷ്യൽ കമ്മിഷണറായി സൗരവ് ജെയ്ൻ എന്ന ഐ എ എസുകാരന്റെ നേതൃത്വത്തിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കേരള ഹൗസിലും കൺട്രോളറുടെ നേതൃത്വത്തിലും പ്രത്യേക ഓഫീസുണ്ട്. ഇത് കൂടാതെ കേരള സർക്കാരിന് ഡൽഹിയിൽ നിയമ വിഭാഗവും ഇൻഫർമേഷൻ ഓഫീസും ടൂറിസം ഇൻഫർമേഷൻ ഓഫീസും നോർക്കയുടെ ഓഫീസും കെ എസ് ഇ ബി ഓഫീസുമുണ്ട്. എന്നിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയമനം നടത്തിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ മുൻ എം പി സമ്പത്തിനെ നിയമിച്ചപ്പോൾ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എല്ലാവർക്കും ഓർമ്മയുണ്ട്. സമ്പത്തിൽ നിന്നും എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായതെന്നും അദ്ദേഹം ചോദിക്കുന്നു.
Read Also: കെ.വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
Post Your Comments