Latest NewsKeralaIndia

ഇ പി ജയരാജനെത്തിയത് ബിജെപിയിൽ ചേരാൻ, പിന്മാറിയത് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നു പറഞ്ഞ്: ശോഭ സുരേന്ദ്രൻ

കൊച്ചി: തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയുമാണ് ഇ പി ജയരാജനെ ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ ഉറച്ചുതന്നെയാണ് ഇ പി ജയരാജൻ താനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായി ഇ പി ജയരാജൻ ചർച്ച നടത്തുന്നതിനിടെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നെന്നും അതിന് പിന്നാലെ ഇ പി അസ്വസ്ഥനാകുകയും ബിജെപിയിൽ ചേരാനുള്ള നിലപാടിൽ നിന്നും പിന്നോട്ട് പോകുകയുമായിരുന്നു എന്നുമാണ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭയുടെ വെളിപ്പെടുത്തൽ.

കേരളത്തിലെ പല പാർട്ടികളിലുമുള്ള ഒമ്പത് പ്രമുഖ നേതാക്കളുമായി താൻ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടു ചർച്ച നടത്തിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറയുന്നു. രാഷ്ട്രീയ നൈതികത ഉള്ളതുകൊണ്ടാണ് അതൊന്നും പുറത്തു പറയാത്തതെന്നും എന്നാൽ, തനിക്കെതിരെ ദല്ലാളിനെ ഇറക്കി സിപിഎം കളിച്ചതു കൊണ്ടാണ് ജയരാജന്റെ കാര്യം പറയേണ്ടിവന്നതെന്നുമാണ് ശോഭയുടെ നിലപാട്.

അതേസമയം, പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ ചർച്ചയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. ബിജെപി പ്രവേശനം സംബന്ധിച്ച് ഇപിയുമായി താൻ മൂന്നുതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്റെ ആവശ്യപ്രകാരം നന്ദകുമാർ തന്നെ തേടി വരികയായിരുന്നു എന്നാണ് ശോഭ വെളിപ്പെടുത്തുന്നത്. ഇ.പിയോടു സംസാരിച്ചാണു പത്രസമ്മേളനം നടത്തുന്നതെന്നു നന്ദകുമാർ തന്നെ പറഞ്ഞല്ലോ. ദല്ലാളിനെ ഇറക്കി എനിക്കെതിരെ ഇല്ലാത്ത ആരോപണം കെട്ടിച്ചമച്ചു തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നശിപ്പിക്കാൻ ആരാണ് ശ്രമിച്ചത്? അതുകൊണ്ടാണ് ഇതെല്ലാം എനിക്കു പുറത്തു പറയേണ്ടിവന്നതെന്നും ശോഭ പറയുന്നു. ഇപിയുമായി നടന്നതെന്ന് പറയുന്ന ചർച്ചയുടെ വിശദാംശങ്ങളും ശോഭ പുറത്തു പറയുന്നുണ്ട്.

3 തവണ ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനു വഴിയൊരുക്കാനായി നന്ദകുമാർ വടക്കാഞ്ചേരിയിലെ എന്റെ സഹോദരിയുടെ മകന്റെ വസതിയിലും തൃശൂരിലെ എന്റെ വാടകവീട്ടിലും 2 തവണ വീതം വന്നിട്ടുണ്ട്. അതിൽ 3 തവണയും ജയരാജനുമായി സംസാരിക്കുന്നത് സ്പീക്കറിലിട്ടു കേൾപ്പിച്ചു. അദ്ദേഹവുമായി നേരിട്ടു സംസാരിക്കണമെന്നു ഞാൻ പറഞ്ഞു. 2023 ജനുവരിയിൽ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചായിരുന്നു ജയരാജനുമായുള്ള ആദ്യ കൂടിക്കാഴ്ച. ജയരാജൻ തീരുമാനം എടുത്തുകഴിഞ്ഞെന്ന് ആ കൂടിക്കാഴ്ചയിൽ എനിക്കു ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ പാർട്ടി കേന്ദ്രനേതൃത്വവുമായി ഞാൻ ബന്ധപ്പെടുകയും ജയരാജനെ കാണാൻ അവർ തയാറാകുകയും ചെയ്തു.

ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ചു ഞങ്ങൾ 3 പേരും കണ്ടു. ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെ തന്നെയാണ് അദ്ദേഹം വന്നത്. ഹോട്ടൽ മുറിയിൽ വച്ചു ഞങ്ങൾ ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും, അപ്പോൾ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹം ആകെ ടെൻഷനിലായി, മുഖഭാവവും ശരീരഭാഷയും മാറി. പിറ്റേന്ന് ബിജെപിയിൽ ചേരാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കെ അദ്ദേഹം പെട്ടെന്നു പിന്മാറി. ഈ ഫോൺ വിളി മുഖ്യമന്ത്രിയുടേതാകുമെന്നാണ് ശോഭാ സുരേന്ദ്രൻ സംശയം പ്രകടിപ്പിക്കുന്നത്. ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും പറയുന്നു.

‘നമുക്ക് ഒന്നു നീട്ടിവയ്‌ക്കേണ്ടി വരും’ എന്നാണ് ആ ഫോൺ വന്ന ശേഷം എന്നോടു പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബിജെപി നേതാവുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ ആരാണു വിളിച്ചതെന്ന് എനിക്ക് അറിയില്ല. തന്നെക്കാൾ ജൂനിയറായ എം വിഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയുമാണ് ഇപി പറഞ്ഞത്. പാർട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതൽ സഹിച്ചതു താനാണെന്നും പറഞ്ഞുവെന്നാണ് ശോഭയുടെ വാക്കുകൾ. അതിന് ശേഷം ഒരിക്കൽ കൂടി താൻ ഇപിയെ കണ്ടെന്നും ശോഭ പറയുന്നു.

നന്ദകുമാർ വീണ്ടും വിളിച്ചിട്ടാണു ഞാൻ പോയത്. ഇനി ഇക്കാര്യത്തിൽ താൽപര്യമില്ലെന്നു ഞാൻ തീർത്തുപറഞ്ഞിരുന്നു. എന്നാൽ അന്നു സംഭവിച്ചതു ജയരാജനു വിശദീകരിക്കണമെന്നുണ്ടെന്നു നന്ദകുമാർ പറഞ്ഞു. എം വിഗോവിന്ദന്റെ യാത്ര തൃശൂരിൽ എത്തിയ ദിവസമായിരുന്നു കൂടിക്കാഴ്ച. കണ്ടപ്പോൾ താൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് ഇ.പി വിശദീകരിച്ചു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും തൽക്കാലം മാറ്റിവയ്‌ക്കേണ്ടി വരുമെന്നും പറഞ്ഞു. പിന്നീട് വിവരം അറിയിക്കാമെന്നും പറഞ്ഞു. പിന്നീടൊരിക്കൽ ഞാൻ കൊച്ചിയിൽ ഉള്ളപ്പോൾ ഒരു ഫോൺ വന്നു.

ഒരു ഹോട്ടൽ പറഞ്ഞിട്ട് അവിടെ എത്താൻ ജയരാജന്റെ നിർദ്ദേശമുണ്ടെന്നു വിളിച്ചയാൾ പറഞ്ഞു. അവിടെ വച്ചാണ് ജയരാജന്റെ മകനെ കാണുന്നത്. അല്ലാതെ ജയരാജൻ പറഞ്ഞതു പോലെ യാദൃച്ഛികമായി കണ്ട് നമ്പർ വാങ്ങിയതൊന്നുമല്ലെന്നും ശോഭ വിശദീകരിക്കുന്നു. ജാവദേക്കർ ബിജെപിയുടെ കേരളത്തിന്റെ ചുമതലയിലേക്കു വരുന്നതിനു മുൻപാണ് ഞാനും ജയരാജനുമായി ചർച്ച നടന്നതെന്നും ശോഭ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button