PoliticsLatest NewsKeralaNews

സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ.പി വെറും കരു, ഒന്നാംപ്രതി അയാൾ: ആരോപണവുമായി വി.ഡി സതീശന്‍

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി ജയരാജന്‍ ബി.ജെ.പി നേതാവായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുധാകരന്റെ ആരോപണം കൊഴുക്കുന്നു. സുധാകരന് തന്നോട് പകയാണെന്ന് പറഞ്ഞ് വിഷയം വഴിതിരിച്ച് വിടാൻ ജയരാജൻ ശ്രമം നടത്തിയെങ്കിലും ഏറ്റില്ല. കോൺഗ്രസ് അതൊരു ആയുധമാക്കി പ്രചാരണം ആരംഭിച്ചു. ചര്‍ച്ച നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.

കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഒന്നാംപ്രതിയായ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നും സതീശന്‍ പറ‍ഞ്ഞു. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ്. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു.

‘സിപിഎം-ബിജെപി രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് നന്ദാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ. വി എസ് അച്ച്യുതാനന്തന്‍ മുതലുള്ള നേതാക്കള്‍ക്ക് നന്ദകുമാറുമായി ബന്ധമുണ്ട്. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത്. പ്രകാശ് ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത്. ഇ പിയുടെ മകന്‍റെ ആക്കുളത്തുള്ള വീട്ടിലേക്ക് എന്തിനാണ് ജാവദേക്കര്‍ പോയത്. പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണ്.

തൃശൂര്‍ പൂരത്തില്‍ വര്‍ഗീയതയ്ക്ക് അഴിഞ്ഞാടാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത് കണ്ടില്ലെന്ന് നടിച്ചു. ഒരു സീറ്റ് പോലും ജയിക്കില്ല എന്ന് മുഖ്യമന്ത്രിക്ക് മനസിലായി. ഇതോടെയാണ് ഇ പിയെ തോല്‍വിക്ക് കാരണമായി കരുവാക്കുന്നത്. പ്രകാശ് ജാവദേക്കര്‍ ഇ പിയുടെ മകന്‍റെ വീട്ടിലേക്കാണോ ഇ പി ജാവദേക്കറുടെ വീട്ടിലേക്കാണോ പോയത് എന്ന തര്‍ക്കം നടക്കുന്നുണ്ട്’ എന്നും വി ഡി സതീശന്‍റെ പ്രതികരണത്തിലുണ്ട്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയതായുള്ള ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിന് തെളിവുകളൊന്നുമില്ല’ എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button