KeralaLatest NewsNews

കറുപ്പിന് എന്താണ് കുറവ് : ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പുരോഗമനമായ കേരളം എന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ഒരുപാട് പേരുടെ മനസ്സില്‍ യാഥാസ്ഥിതികമായ ചിന്തയുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു

തിരുവനന്തപുരം : നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടത് വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്നും ഫേസ്ബുക്കില്‍ സതീശന്‍ കുറിച്ചു.

കേരളത്തിന്റെ ചീഫ് സെക്രട്ടറി പവര്‍ഫുള്‍ ആയ ഫേസ്ബുക്ക് പോസ്റ്റാണ് ഇട്ടിട്ടുള്ളത്. അതില്‍ അഭിമാനം തോന്നി. സാധാരണ ആരും ആ ധൈര്യം കാണിക്കാറില്ല. എന്നാല്‍ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന കേരളത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നുവെന്നത് നാം കാണണം. പുരോഗമനമായ കേരളം എന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ഒരുപാട് പേരുടെ മനസ്സില്‍ യാഥാസ്ഥിതികമായ ചിന്തയുണ്ടെന്ന് പിന്നീട് വി ഡി സതീശന്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.

എന്റെ അമ്മയുടെ നിറം കറുപ്പായിരുന്നു. ചെറുപ്പത്തില്‍ അമ്മയുടെ നിറം കിട്ടിയില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം. കറുപ്പിന് എന്താണ് കുഴപ്പം. കറുപ്പിന് എന്താണ് കുറവെന്നും വി ഡി സതീശന്‍ ചോദിച്ചു. അത് തിരിച്ചു ചോദിച്ചു എന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. അതിലൊന്നും ഒരു കാര്യമില്ലാത്ത കാലമാണ്. അങ്ങനെ ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണ്. കേരളം ഇപ്പോഴും ഒരുപാട് യാഥാസ്ഥിതികമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചീഫ് സെക്രട്ടറിയുടെ ഈ പോസ്റ്റ് എന്നും വി ഡി സതീശന്‍ പറഞ്ഞു.

ശരീരത്തിന്റെ നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിനാധാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button