മംഗളുരു: ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഗദഗ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്.
ബെത്തഗേരി മുനിസിപാലിറ്റി വൈസ് പ്രസിഡന്റ് സുനന്ദ ബകലെയുടെ മകന്‍ കാര്‍തിക് ബകലെ (27), കൊപ്പല്‍ സ്വദേശികളായ പരശുരാമന്‍ (55), ഭാര്യ ലക്ഷ്മി (45), മകള്‍ ആകാംക്ഷ (16) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്നും പ്രതികള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നും ഗദഗ് എസ് പി ബിഎസ് നേമഗൗഡ പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിന്റെ കാരണമോ പ്രതികളെ കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.
കാര്‍ത്തികിന്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്ന സാഹചര്യത്തില്‍ കൊപ്പലില്‍ നിന്ന് ഗദഗ് നഗരത്തില്‍ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമന്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ എല്ലാവരും സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പുലര്‍ച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനല്‍ ചില്ലു തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ മൂന്നുപേരെയും ആയുധങ്ങള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. താഴത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന കാര്‍ത്തിക് ബകലെ, ശബ്ദം കേട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ യുവാവിനെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പിന്നീട് വീട്ടുടമ പ്രകാശ് ബകലെയും ഭാര്യയും മുനിസിപല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ സുനന്ദ ബകലെയും ഉറങ്ങിക്കിടന്ന മുറിയുടെ വാതിലില്‍ അക്രമികള്‍ മുട്ടി. എന്നാല്‍ വാതില്‍ തുറക്കാതെ ദമ്പതികള്‍ ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. പൊലീസിനെ വിളിക്കുന്നതിനിടെ അക്രമികള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Post Your Comments