Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഡോണ്‍ ബോസ്‌കോയ്ക്ക് പിന്നില്‍ ആര്യ, ദുരൂഹത ഉണര്‍ത്തി ഇ-മെയിലുകള്‍

മൂന്ന് പേരുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ്

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തി ഇമെയിലുകള്‍. ആര്യയുടെയും നവീനിന്റേയും ലാപ്‌ടോപ്പുകളില്‍ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയില്‍ സന്ദേശമാണെന്ന് പൊലീസ് വ്യക്തമാക്കി.

Read Also: പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്: മുന്നറിയിപ്പുമായി പൊലീസ്

മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്‌ക്കോയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡോണ്‍ ബോസ്‌കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആര്യയും നവീനും ദേവിയും തമ്മില്‍ വ്യത്യസ്ത പേരുകളില്‍ ചാറ്റ് ചെയ്തത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവരുടേയും മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്റെ പ്രേരണയില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തി നില്‍ക്കുന്നതെന്നാ സൂചന. അതേസമയം ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ രണ്ടിനാണ് വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെ അരുണാചലിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് അന്യഗ്രഹത്തില്‍ പോയി ജനിച്ച് ജീവിക്കണമെന്നും ഇവര്‍ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയില്‍ സന്ദേശം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സന്ദേശത്തില്‍ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോണ്‍ ബോസ്‌ക്കോയെന്ന വ്യാജ മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോര്‍വേഡ് ചെയ്യുകയാണ് ചെയ്തത്. മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കഴിഞ്ഞ മാസം 17നാണ് നവീനും ഭാര്യയും കോട്ടയത്ത് നിന്നും യാത്ര പോവുകയാണെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങുന്നത്. പിന്നാലെ മാര്‍ച്ച് 27ന് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായി. വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൂവരെയും ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button