
രജൗരിയിലെ 17 ദുരൂഹ മരണങ്ങള്‍:മെഡിക്കല്‍ അലര്‍ട്ട്, മരണങ്ങളുടെ കാരണം കണ്ടെത്താനാകാതെ പകച്ച് ആരോഗ്യമന്ത്രായം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബദാല്‍ ഗ്രാമത്തില്‍ 17 പേര്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ അലര്‍ട്ട് കണക്കിലെടുത്ത് രജൗരി മെഡിക്കല്‍ കോളേജിലെ എല്ലാ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവധി റദ്ദാക്കി. രോഗം ബാധിച്ച മേഖലയിലെ ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരുടെ 200ഓളം ബന്ധുക്കളെ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ ശൈത്യകാല അവധികള്‍ റദ്ദാക്കിയതായി രജൗരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിംഗ് ഭാട്ടിയ പറഞ്ഞു. ദുരൂഹമായ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ബദാല്‍ ഗ്രാമം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ പൊതു-സ്വകാര്യ സമ്മേളനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബദാല്‍ ഗ്രാമത്തിലെ മുഹമ്മദ് ഫസല്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് റഫീഖ് എന്നിവരുടെ കുടുംബത്തിലെ നാല് മുതിര്‍ന്നവരും 13 കുട്ടികളുമാണ് ദുരൂഹ രോഗം മൂലം മരിച്ചത്. മരിച്ചവരുടെ ശരീരത്തില്‍ കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. ലഖ്‌നൗവിലെ സിഎസ്ഐആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസര്‍ച്ച് മരിച്ചവരുടെ ദേഹത്ത് നിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയില്‍ ഉപയോഗിക്കുന്ന ആല്‍ഡികാര്‍ബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണത്തിലൂടെയാണ് ഇവ ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments