Latest NewsKeralaNews

പാനൂ‍ര്‍ സ്ഫോടനം: 4 പേര്‍ കസ്റ്റഡിയിൽ, ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ സി.പി.എം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത. സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ഇവർ. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട്‌ നിന്നാണ് പിടികൂടിയത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. കസ്റ്റഡിയിലായവർ സി.പി.എം അനുയായികൾ തന്നെയാണെന്നാണ് റിപ്പോർട്ട്.

തെര‍ഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം വലിയ ച‍ര്‍ച്ചയാക്കിയതോടെയാണ് അന്വേഷണം കടുപ്പിക്കാൻ പൊലീസും തയ്യാറായത്. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ചു. പ്രതികൾ ബോംബ് നിർമ്മിക്കുമെന്ന് 4 മാസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബോംബ് നിർമിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവം പ്രതിപക്ഷം ചർച്ചയാക്കിയതോടെ സി.പി.എമ്മിന് രക്ഷയില്ലാതായി. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത് വന്നു. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഷിബു ബേബി ജോണ്‍ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാല്‍ തോന്നിയതു പോലെ പറയുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button