എസ്‌ഡിപിഐക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് പി സി ജോർജ്. യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പി സി ജോർജിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരസ്യമായി യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചെന്നും രണ്ട് മണ്ഡലത്തിൽ എൽഡിഎഫിന് രഹസ്യ പിന്തുണയുണ്ടെന്നും അദേഹം പറഞ്ഞു. യുഡിഎഫിനും എൽഡിഎഫിനും തന്റെടം ഉണ്ടെങ്കിൽ മതതീവ്രവാദികളുടെ പിന്തുണ വേണ്ട എന്ന് പരസ്യമായി പറയണമെന്നും പി സി വെല്ലുവിളിച്ചു. അല്ലെങ്കിൽ, പിന്തുണ പരസ്യമായി സ്വീകരിച്ചു നന്ദി പറയാനുള്ള ചങ്കൂറ്റം കാണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പി.സിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം:
നിരോധിത മതതീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ്‌ഡിപിഐ എന്നത് എല്ലാ മലയാളികൾക്കും അറിയുന്ന കാര്യമാണ്. ക്രിസ്തിയാനിയോടും ഹിന്ദുവിനോടും അരിയും മലരും കുന്തിരിക്കവും വാങ്ങി കരുതി ഇരിക്കാൻ ഭീഷണി മുഴക്കിയ തീവ്രവാദികൾ. അവർ ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലത്തിൽ എൽഡിഎഫിന് രഹസ്യ പിന്തുണയും. ഇങ്ങനെ ഒരു പരസ്യ പിന്തുണ ലഭിച്ചിട്ടും അതിനെ പരസ്യമായി സ്വീകരിക്കാനോ, തള്ളി പറയാനോ ആർജവം ഇല്ലാതെ രഹസ്യ കച്ചവടം നടത്തുകയാണ് യുഡിഎഫ്.
കഴിഞ്ഞ നിയമസഭയിൽ നൂറു മണ്ഡലത്തിൽ പിന്തുണയും നാൽപതു മണ്ഡലത്തിൽ യുഡിഎഫ് വോട്ട് ചിതറിക്കാൻചിതറിക്കാൻ എസ്‌ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തി അതിൽ മുപ്പതിനാലും ജയിച്ച എൽഡിഎഫിനും മൗനം. രണ്ടായിരത്തിപതിനാറിൽ ഒറ്റയ്ക്കു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഞാൻ പരസ്യമായി പറഞ്ഞു ഏത് ചെകുത്താന്റെയും പിന്തുണ സ്വീകരിക്കുമെന്ന്. ഉടനെ എസ്‌ഡിപിഐ എന്നെ പിന്തുണച്ചു. ഞാൻ രാത്രിയിലോ, തലയിൽ മുണ്ടു പുതച്ചോ, ഒളിച്ചും പാത്തും അല്ല പിന്തുണ വാങ്ങിയത്. നക്ഷത്ര ചിഹ്നമുള്ള അവരുടെ രക്തഹരിതപതാക പരസ്യമായി കയ്യിലേന്തി തന്നെയാണ് പിന്തുണ സ്വീകരിച്ചത്.
എന്നാൽ ഈ മത വെറിയന്മാരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലായപ്പോൾ പരസ്യമായി തന്നെ ഇവരെ തള്ളി പറയാനും ഞാൻ മടി കാണിച്ചിട്ടില്ല. ഈ രാജ്യത്തെ സ്നേഹിക്കാത്ത ഒരു തീവ്രവാദിയുടെയും വോട്ട് വേണ്ട എന്നും ഞാൻ പറഞ്ഞത് പരസ്യമായി തന്നെ അതും ഇവന്റെ ഒകെ മൂക്കിന്റെ താഴെ ഈരാറ്റുപേട്ടയിൽ നിന്നുകൊണ്ട്. യുഡിഎഫിനും എൽഡിഎഫിനും തന്റെടം ഉണ്ടെങ്കിൽ, സിരകളിൽ ഓടുന്നത് കലർപ്പില്ലാത്ത രക്തം ആണെന് ഉറപ്പുണ്ടെങ്കിൽ മതതീവ്രവാദികളുടെ പിന്തുണ വേണ്ട എന്ന് പരസ്യമായി പറയണം. അല്ലെങ്കിൽ പിന്തുണ പരസ്യമായി സ്വീകരിച്ചു നന്ദി പറയാനുള്ള ചങ്കൂറ്റം കാണിക്കണം.
Post Your Comments