തൃശൂര്‍: കിരീട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം തരാതെ തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആമ്പല്ലൂര്‍ സെന്ററില്‍ സംഘടിപ്പിച്ച എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.’ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും സംസാരിക്കാന്‍ അവസരം തരാതെ അവരുടെ തന്നെ ചെപ്പടി വാക്കുകള്‍ പ്രയോഗിക്കുകയാണ്. ചെമ്പിന്റെ അളവ് എത്ര? സ്വര്‍ണ്ണത്തിന്‍റെ അളവെത്ര? അതിലൊക്കെ എന്ത് കാര്യം. അമ്പലത്തിലായാലും പള്ളിയിലായാലും നേര്‍ച്ച നേരും. എനിക്ക് അംബാനിയെ പോലെ നേരാന്‍ ഒക്കത്തില്ലല്ലോ.
എന്റെ അച്ഛന്‍ ധീരുഭായ് അംബാനിയല്ല. ഞാനൊരിക്കലും അനില്‍ അംബാനിയോ മുകേഷ് അംബാനിയോ ആകില്ല. എന്റെ വളര്‍ച്ചയുടെ മേല്‍ത്തട്ട് എനിക്കറിയാം. എനിക്ക് നല്‍കാനാവുന്നത് എന്റെ ഹൃദയപരമായ ആരാധനാ പെരുമാറ്റത്തില്‍ അത് അറിയിക്കേണ്ട പുരോഹിത മുഖ്യനെ അക്ഷരം പ്രതി വടിവൊത്ത മലയാളത്തില്‍ പറഞ്ഞുമനസ്സിലാക്കി അതിന് മേലെ മാതാവിന് നേര്‍ന്നിട്ടുണ്ട്. അതില്‍ അന്തങ്ങള്‍ക്കും കൃമി കീടങ്ങള്‍ക്കും എന്താണ് കാര്യം. എനിക്ക് മനസ്സിലാവുന്നില്ല.
പ്രതിലോമമാണോ പ്രതിരോമമാണോയെന്നത് പരിശോധിക്കുന്നത് നന്നാവും.’ സുരേഷ് ഗോപി പറഞ്ഞു.മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് മാതാ ദേവാലയത്തില്‍ കിരീടം സമര്‍പ്പിച്ചത്. ചെമ്പില്‍ സ്വര്‍ണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമര്‍പ്പിച്ചതെന്ന പ്രചാരണം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസ് രംഗത്തെത്തുകയായിരുന്നു. ലൂര്‍ദ് ഇടവക പ്രതിനിധി യോഗത്തിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.
പിന്നാലെ, അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേര്‍ത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരുംകാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താല്‍ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാന്‍ ധാരണയായത്.
Post Your Comments