
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്‌പോരും കയ്യാങ്കളിയും. പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസകിന് വേണ്ടിയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട ചർച്ചയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതേ തുടർന്ന് നേതാക്കളിൽ ഒരാൾ പാർട്ടി വിടാൻ പോകുകയാണെന്നാണ് സൂചന.
ഇന്നലെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിമർശനം നേതാക്കളിൽ ചിലർ ഉന്നയിക്കുകയായിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ആയിരുന്നു പ്രവർത്തനം പോരെന്ന വിമർശനവുമായി രംഗത്ത് എത്തിയത്. ഇതിനെ രണ്ടാമത്തെ അംഗം എതിർത്തു.
ഇതോടെ ഇരു നേതാക്കളും തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു. ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. പോര് രൂക്ഷമായതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയും ആരംഭിച്ചു. ഇതോടെ മറ്റ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് മുതിർന്ന നേതാവ് ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. രാജിക്കാര്യം അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചതായാണ് സൂചന. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട ആരെങ്കിലുമോ പാർട്ടി നേതൃത്വമോ ഇതേപ്പറ്റി പ്രതികരിക്കാനോ മറുപടി പറയാനോ തയ്യാറായിട്ടില്ല.
അതേസമയം നേരത്തെ തന്നെ തോമസ് ഐസക്കിനെതിരെ മണ്ഡലത്തിൽ വിമർശനമുയർന്നിരുന്നു. കുടുംബശ്രീ, ഹരിതകർമ്മ സേന, ആശാ വർക്കർമാരെ അടക്കം ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാലിതിനെ തോമസ് ഐസക് നിഷേധിച്ചിരുന്നു.
Post Your Comments