Latest NewsIndia

64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്: ചരിത്രപരം, സ്ത്രീ വോട്ടർമാരെ പ്രത്യേകം പ്രശംസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.

വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിൻ്റെ മുക്കിലും, മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

വിലമതിക്കാനാവാത്ത സേവനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ചില ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു. ഇന്നര്‍ മണിപ്പൂരിൽ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരിൽ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പേര്‍ പ്രതിഫലേച്ഛയില്ലാതെ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് സച്ചിൻ ടെണ്ടുൽക്കര്‍ അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള 75 പ്രതിനിധികൾ ആറ് സംസ്ഥാനങ്ങൾ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചു നിര്‍ത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ഇതൊന്നും നിസാര കാര്യമല്ലെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button