ഭോപ്പാല്‍: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 20 വയസുകാരിയെ കാണാനില്ലെന്ന് പരാതി. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് ആരോപിച്ച് പിതാവ് പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാര്‍ത്ഥിനിയെ കാണാതായതിന് പിന്നാലെ കൈയും കാലും കെട്ടി, വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ അജ്ഞാത നമ്പറില്‍ നിന്ന് പിതാവിന് വാട്‌സ്ആപ് സന്ദേശമായി ലഭിച്ചു. 30 ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നാണ് ഇതോടൊപ്പമുള്ള ആവശ്യം.
മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ബൈറാദ് എന്ന സ്ഥലത്തെ ലോര്‍ഡ് ലക്ഷേശ്വര്‍ സ്‌കൂളിലെ ഡയറക്ടറായ രഘുവീറിന്റെ മകള്‍ കാവ്യയെയാണ് കാണാതായത്. 2023 മുതല്‍ നീറ്റ് പരിശീലനം നടത്തിവരികയായിരുന്നുവെന്നും ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായെന്നുമാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ രഘുവീറിന്റെ ഫോണില്‍ സന്ദേശം ലഭിച്ചു. മകളുടെ കൈയും കാലും ബന്ധിച്ച നിലയിലുള്ള ചിത്രത്തിനൊപ്പം മോചനദ്രവമായി നല്‍കേണ്ട പണം നിക്ഷേപിക്കേണ്ട അക്കൗണ്ടിന്റെ വിവരങ്ങളും നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തിനകം പണം നല്‍കണമെന്നതായിരുന്നു ആവശ്യം. നേരത്തെ ഇന്‍ഡോറില്‍ താമസിച്ചിരുന്ന തങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് അവിടെ വെച്ചും ഇത്തരത്തിലൊരു സംഭവമുണ്ടായതിനെ തുടര്‍ന്നാണ് കോട്ടയിലേക്ക് താമസം മാറിയതെന്ന് പിതാവ് പറഞ്ഞു. സംശയമുള്ള രണ്ട് യുവാക്കളുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments