ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു വ്യാഴാഴ്ച ചര്‍ച്ച നടത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും തമ്മില്‍ ആന്ധ്രാപ്രദേശില്‍ സഖ്യം രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഖ്യം സംബന്ധിച്ച് നായിഡുവും ഷായും തമ്മില്‍ മാസങ്ങളുടെ ഇടവേളയില്‍ നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്.
ടിഡിപിയും ബിജെപിയും തമ്മിലുള്ള അടുത്തഘട്ട ചര്‍ച്ച വെള്ളിയാഴ്ച ഡല്‍ഹിയില്‍വെച്ച് നടത്തും. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.2018 വരെ എന്‍ഡിഎയുടെ നിര്‍ണായ സഖ്യ പാര്‍ട്ടിയായിരുന്നു ടിഡിപി. ആ സമയത്ത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന സാമ്പത്തിക പിന്തുണയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അദ്ദേഹം എന്‍ഡിഎ വിട്ടത്.
ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് ഇരുവരും തമ്മില്‍ വീണ്ടും അടുക്കുന്നത്. പരസ്പരം സീറ്റുകള്‍ പങ്കുവയ്ക്കാമെന്ന ധാരണയിലാണ് സഖ്യം രൂപീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളും സീറ്റ് വിഭജനത്തിലെ സങ്കീര്‍ണതകളുമാണ് ചര്‍ച്ചകളുടെ പ്രധാന വിഷയമെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.പരസ്പരം സഹകരിക്കാന്‍ ഇരുകൂട്ടരും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെ സംബന്ധിച്ച ഭിന്നതകള്‍ പരിഹരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം.
25 ലോക്‌സഭാ മണ്ഡലങ്ങളും 175 നിയമസഭാ മണ്ഡലങ്ങളുമാണ് ആന്ധ്രാപ്രദേശില്‍ ഉള്ളത്. അതില്‍ എട്ട് മുതല്‍ 10 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപി താത്പര്യപ്പെടുന്നത്. എന്നാല്‍, സംഖ്യം രൂപീകരിക്കുകയാണെങ്കില്‍ ഇത് അഞ്ച് മുതല്‍ ആറ് വരെയാക്കി ചുരുക്കാന്‍ ബിജെപി തയ്യാറായേക്കും. പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജന സേന പാര്‍ട്ടി(ജെഎസ്പി) മൂന്ന് സീറ്റുകളിലേക്കും ശേഷിക്കുന്ന സീറ്റില്‍ ടിഡിപിയും മത്സരിച്ചേക്കും.
സുപ്രധാനമണ്ഡലങ്ങളായ വിസാഖ്, വിജയവാഡ, അരാക്ക്, രാജംപേട്ട്, രാജമുണ്ഡ്രി, തിരുപ്പതി തുടങ്ങിയവയായിരിക്കും ബിജെപി ആവശ്യപ്പെടുക. നാല് മുതല്‍ ആറ് സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് കരുതുന്നത്.മുന്‍ബിജെപി അംഗമായിരുന്ന ജെഎസ്പി ഇതിനോടകം തന്നെ ടിഡിപിയുമായി കൈകോര്‍ത്തിട്ടുണ്ട്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പവന്‍ കല്യാണും പങ്കെടുത്തിരുന്നു.
മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളും 24 നിയമസഭാ മണ്ഡലങ്ങളും ജെഎസ്പിക്ക് ലഭിച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം പ്രതീക്ഷിക്കുന്ന ബിജെപി എന്‍ഡിഎ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബിജെപി തനിച്ച് 370 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. സഖ്യപാര്‍ട്ടികളുമായി ചേര്‍ന്ന് 400 സീറ്റുകള്‍ നേടാനാണ് അവരുടെ ശ്രമം. ഒഡീഷയിലെ നവീന്‍ പട്‌നായിക്കുമായും സഖ്യത്തിനായി ബിജെപി ചര്‍ച്ചകള്‍ നടത്തി വരികയാണ്.
Post Your Comments