ന്യൂഡൽഹി: ജിം ട്രെയിനറായ 29 കാരനെ കൊലപ്പെടുത്തി പിതാവ്. പിരിഞ്ഞുപോയ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് താൻ മകനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൂന്നോ നാലോ മാസമായി ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ജിം പരിശീലകനായ ഗൗരവ് സിംഗാൾ ആണ് കൊല്ലപ്പെട്ടത്. 54 കാരനായ രംഗ് ലാൽ ആണ് കൊലപാതകം ചെയ്തത്.
ഇയാളെ പോലീസ് ജയ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 6 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റകൃത്യം നടത്തിയ ശേഷം പ്രതി ഡൽഹിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫെബ്രുവരി 7 ന് ഗൗരവിന്റെ ത്വുവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു കൊലപാതകം. ഫെബ്രുവരി ഏഴിന് പുലർച്ചെ 12.30ഓടെ ദേഹമാസകലം കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഡൽഹിയിലെ വീട്ടിൽ വച്ച് പിതാവ് മകന്റെ മുഖത്തും നെഞ്ചിലും 15 തവണ കുത്തി കൊലപെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിച്ച പോലീസ് പ്രതി പിതാവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ ജയ്പൂരിൽ വെച്ച് പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ, ഭാര്യയുമായും മകനുമായും തന്റെ ബന്ധം സുഗമമല്ലെന്നും ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ മകനെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇയാൾ കൃത്യമായി കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. 75,000 രൂപ നൽകി മൂന്ന് കൂട്ടാളികളെ നിയമിച്ചു. ബുധനാഴ്ച രാത്രി മകനും പിതാവും തമ്മിൽ രൂക്ഷമായ വാക്ക് തർക്കമുണ്ടായി. ഇതിനിടെ ഗൗരവ് പിതാവിനെ തല്ലുകയും ഇത് പ്രതിയെ പ്രകോപിതനാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, സിംഘാൽ ഈ പ്രവൃത്തിയിൽ തനിക്ക് പശ്ചാത്താപം ഇല്ലെന്ന് പറഞ്ഞു. താൻ ചെയ്തത് ശരിയായ കാര്യമാണെന്നാണ് ഇയാൾ ആവർത്തിക്കുന്നത്.
മകൻ്റെ അതിരുകടന്ന ജീവിതശൈലിയിലും അനുസരണക്കേടിലും താൻ അസന്തുഷ്ടനായിരുന്നുവെന്ന് പ്രതി പറഞ്ഞു. ഭാര്യ എപ്പോഴും മകന്റെ കൂടെയായിരുന്നുവെന്നും ഒരിക്കലും തന്റെ കൂടെ നിന്നിട്ടില്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് മാസമായി പിതാവ് മകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 50 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 15 ലക്ഷം രൂപയും ഉണ്ടായിരുന്നു
Post Your Comments