ഇസ്ലാമിക വിശ്വാസപ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യം നിറഞ്ഞതുമായ മാസമാണ് റംസാൻ. അതുകൊണ്ടുതന്നെ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ മാസമായാണ് റംസാനെ കണക്കാക്കുന്നത്. പകൽ ഉപവാസവും രാത്രി ഉപാസനയുമായി പവിത്രമായ റംസാൻ ദിനങ്ങളിൽ പരമാവധി സത്കർമ്മങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 11ന് വ്രതാരംഭം എന്നാണ് സൂചനയെങ്കിലും, മാസപ്പിറവി കാണുന്നതിന് അനുസരിച്ചാണ് പ്രഖ്യാപനം ഉണ്ടാവുക.
റംസാൻ മാസം തുടങ്ങുമ്പോൾ ഇഫ്താർ ഒരുക്കങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. റംസാൻ വ്രതം എടുക്കുമ്പോൾ വിശ്വാസികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. അവ എന്തൊക്കെയെന്ന് അറിയാം.
സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികൾ സമീകൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിനു മുൻപോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക: ഭക്ഷണങ്ങളിൽ കുറഞ്ഞ അളവിൽ ഉപ്പ് ചേർക്കാൻ ശ്രദ്ധിക്കുക. ഔഷധഗുണമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
വ്യായാമം: ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുന്നതിനാൽ നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് ദഹനത്തെ നന്നാക്കുകയും ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാൻ ശ്രമിക്കുക: ആവിയിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ നോമ്പ് കാലത്ത് കഴിക്കാവുന്നതാണ്. ഇത് പോഷകങ്ങൾ നിലനിർത്തും.
പുകയില ഉപയോഗം ഒഴിവാക്കാം: നോമ്പ് കാലത്ത് പുകയിലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക. ഇതുവഴി ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.
Post Your Comments