കോട്ടയം: പാലാ പൂവരണിയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടിൽ നിന്നും മൂന്നു കത്തുകൾ കണ്ടെടുത്തയായി പോലീസ്. ഒരു കത്ത് മുൻവശത്തെ വാതിലിൽ നിന്നും മറ്റു രണ്ടു കത്തുകൾ വീടിനുള്ളിൽ നിന്നുമാണ് ലഭിച്ചത്. ലഭ്യമായ മൂന്നു കത്തുകളിൽ രണ്ടെണ്ണം സഹോദരങ്ങൾക്ക് വേണ്ടിയും ഒന്ന് വാടകവീടിന്റെ ഉടമസ്ഥനുവേണ്ടിയുമുള്ളതാണ്. എന്നാൽ മരണകാരണത്തെക്കുറിച്ച് കത്തുകളിൽ സൂചന നൽകിയിട്ടില്ല.
ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പിൽ ജെയ്‌സൺ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാംഗം മെറീന (28) മക്കളായ ജെറാൾഡ് (4),ജെറീന (2), ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസം മുട്ടിച്ചും കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. അഞ്ചു പേരുടെയും മൃതസംസ്കാരം ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ നടത്തി.
15 മാസത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ജെയ്സനും കുടുംബവും. ഇവർ ഉരുളികുന്നം സ്വദേശികളാണ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു ജെയ്സൻ. ഇന്നു രാവിലെ ഏഴു മണിയോടെ ജെയ്സൻ മൂത്ത സഹോദരനെ ഫോണിൽ വിളിച്ചിരുന്നു. വാടകവീട് മാറണമെന്നും സാധനങ്ങൾ മാറ്റാൻ സഹായിക്കണമെന്നും അഭ്യർഥിച്ചായിരുന്നു ഫോൺവിളി. ഇദ്ദേഹം സ്ഥലത്ത് എത്തിയപ്പോഴാണ് അഞ്ചു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെത്തുന്ന സമയത്ത് വാതിൽക്കൽത്തന്നെ ഒരു കത്ത് വച്ചിരുന്നു. നാട്ടുകാരെക്കൂടി കൂട്ടി വേണം അകത്തു കയറാനെന്നു വ്യക്തമാക്കി മൂത്ത സഹോദരന് എഴുതിയ കത്താണ് വാതിൽക്കൽനിന്ന് ലഭിച്ചത്. പിന്നീട് അകത്തുനിന്ന് രണ്ടു കത്തുകൾ കൂടി കണ്ടെടുത്തു. മൂന്നു കത്തുകളും ജെയ്സന്റെ കൈപ്പടയിൽ എഴുതിയതായിരുന്നു.
ഇതിൽ ഒന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്കുള്ളതായിരുന്നു. വീട്ടിലെ സാധന സാമഗ്രികളെല്ലാം സഹോദരങ്ങൾക്ക് കൈമാറണമെന്നാണ് ഈ കത്തിൽ എഴുതിയിരുന്നത്. അമ്മയുടെ അടുത്തേക്കു പോവുകയാണെന്നും, തന്റെ ഫോൺ മൂത്ത സഹോദരനു നൽകണമെന്നും മൂന്നാമത്തെ കത്തിലും എഴുതിയിരുന്നു. ജെയ്സന്റെ അമ്മ നേരത്തേ മരിച്ചതാണ്.
അതേസമയം, മരണകാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇതിന് സ്ഥിരീകരണമില്ല. 15 മാസമായി ഇവിടെ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തെക്കുറിച്ച് നാട്ടുകാർക്കും മോശമൊന്നും പറയാനില്ല. മരണകാരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Post Your Comments