കൊല്ലം: മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ അര്‍ച്ചന ( 33) ആണ് മരിച്ചത്. മക്കളായ അനാമിക (7) ആരവ് (2) എന്നിവര്‍ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ദാരുണ സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തെ ഞെട്ടിച്ച് മറ്റൊരു ദുരന്തവാര്‍ത്തയും പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ പാല പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണ്‍ (44), ഭാര്യ മെറീന ( 28) മക്കളായ ജെറാള്‍ഡ് ( 4) ജെറീന (2) ജെറിന്‍ (7 മാസം ) എന്നിവരാണ് മരിച്ചത്.
പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥന്‍. പൂവരണിയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്‌സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.
ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്‌സണ്‍ തോമസ് എന്നാണ് സൂചന. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Post Your Comments