തിരുവനന്തപുരം: ക്രൂര മർദനമേറ്റ് സിദ്ധാർഥൻ എന്ന വിദ്യാർഥി മരണമടഞ്ഞ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചേക്കും. സംസ്ഥാനത്തിനുപുറത്തുള്ള ഗവർണർ തിങ്കളാഴ്ച വൈകീട്ട് തിരിച്ചെത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഔദ്യോഗികപരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം വയനാട് സന്ദർശിക്കാനാണു സാധ്യത.
കഴിഞ്ഞദിവസമയച്ച കത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മറുപടി നൽകിയാൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോ കേന്ദ്രാന്വേഷണത്തിനോ ഗവർണർ നടപടിയെടുക്കുമെന്നാണ് സൂചന. മരണവുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന പേരിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ ശനിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
സംഭവം ഗൗരവമായി കാണുന്നതിലും ഇടപെടുന്നതിലും വീഴ്ചവരുത്തിയ സർവകലാശാല ഡീനിനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തേക്കും. ഡീനിന്റെ നടപടി ശരിയായില്ലെന്ന് മന്ത്രി ചിഞ്ചുറാണിയും അഭിപ്രായപ്പെട്ടിരുന്നു. വെറ്ററിനറി സർവകലാശാലയിൽ ഗവർണർ ചുമതല നൽകിയ പുതിയ വി.സി. ഡോ. പി.സി. ശശീന്ദ്രൻ ഞായറാഴ്ച സിദ്ധാർഥന്റെ മാതാപിതാക്കളെ സന്ദർശിച്ചു. തിങ്കളാഴ്ച സർവകലാശാലയിൽ ചുമതലയേൽക്കുന്നതിനുമുന്നോടിയായാണ് സന്ദർശനം. സംഭവത്തിൽ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടിയുമുണ്ടാകും.
Post Your Comments