കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥിക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ‘ആന്തൂര്‍ സാജന്റെ കാര്യത്തില്‍ സംഭവിച്ച പോലെ സിദ്ധാര്‍ഥിനെയും കുടുംബത്തെയും അപമാനിക്കുകയാണ്. മുഴുവന്‍ പ്രതികളെയും സിപിഎം സംരക്ഷിക്കുകയാണ്. കേരളത്തിലെ രക്ഷിതാക്കളെ മുഴുവന്‍ ഭയത്തിലാക്കി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്’,വി.ഡി സതീശന്‍ ആരോപിച്ചു.
‘ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുന്നു. പ്രതികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് തന്നെ കൂടെ വന്നു. ഇത് ഭീഷണിയാണ്, അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണ്. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഈ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണം’, വി.ഡി സതീശന്‍ പറഞ്ഞു.
‘സിദ്ധാര്‍ത്ഥ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് സിദ്ധാര്‍ത്ഥിന്റെ മരണശേഷം കോളേജിന് പരാതി ലഭിച്ചിരുന്നു. ഫെബ്രുവരി 14ന് കോളേജില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. കോളേജിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. ഈ പരാതി കെട്ടിച്ചമതാണെന്നാണ് സംശയം. കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോര്‍ട്ട്’, വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
Post Your Comments