തിരുവനന്തപുരം:പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ ക്രൂരമായ റാഗിംഗിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി. പ്രധാന പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
‘പിടികൂടിയ ആറു പേരില്‍ പ്രധാന പ്രതികള്‍ ഇല്ല. കോളേജില്‍ നിന്നും 12 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സീനിയേഴ്‌സായ എസ്എഫ്‌ഐക്കാര്‍ ലഹരി ഉപയോഗിക്കുമെന്ന് മകന്‍ പറഞ്ഞിരുന്നു. മരണ ശേഷം മകന്റെ സുഹുത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്. അറസ്റ്റ് ചെയ്ത പ്രതികളില്‍ മുഖ്യപ്രതികളില്ല. മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പാര്‍ട്ടി സമ്മര്‍ദ്ദം കാരണമാണ്’, അദ്ദേഹം ആരോപിച്ചു
അതേസമയം, സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. ക്യാമ്പസില്‍ ഇത്തരം മൃഗീയ വിചാരണകള്‍ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാര്‍ത്ഥിനെ രക്ഷിക്കാന്‍ തുനിയാത്തതെന്നും വിവരമുണ്ട്.
ക്യാമ്പസില്‍ സിദ്ധാര്‍ത്ഥ് നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാര്‍ത്ഥിക്കൂട്ടം കണ്ടു നില്‍ക്കുകയായിരുന്നു. ഒരാള്‍ പോലും സിദ്ധാര്‍ത്ഥിന്റെ രക്ഷയ്ക്ക് വന്നില്ല. 130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാര്‍ത്ഥ് പരസ്യ വിചാരണ നേരിടേണ്ടി വന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് സിദ്ധാര്‍ത്ഥ് ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിച്ചില്ല. ഇത് സിദ്ധാര്‍ത്ഥിനെ മാനസികമായി തളര്‍ത്തിയെന്ന് പൊലീസ് പറയുന്നു.
Post Your Comments