വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ മകനെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ജയപ്രകാശ് ആരോപിച്ചു. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ജയപ്രകാശ് ഇക്കാര്യം പറഞ്ഞത്.
കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്. ആകെ 18 പ്രതികൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. സിദ്ധാർഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തിൽ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞതെന്ന് അമ്മ പറയുന്നു. എന്നും ഫോണിൽ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചില്ലെന്ന് അമ്മ പറഞ്ഞു.
സിദ്ധാർത്ഥന്‍റെ മരണത്തിൽ വൈത്തിരി പൊലീസ് 12 പേർക്കെതിരെയാണ് കേസെടുത്തത്. റാഗിംഗ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാർത്ഥന്‍റെ മാതാപിതാക്കളുടെ ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണ്ണർക്കും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Post Your Comments