മലപ്പുറം: നാടകീയ രംഗങ്ങൾക്കൊടുവിൽ കിണറ്റിൽ വെച്ച് വേട്ടക്കാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി. വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടാണ് കാട്ടുപന്നിയുടെ പരാക്രമം നടന്നത്. വനം വകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാൻ നടത്തിയ ദൗത്യത്തിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. കാട്ടുപന്നിയുടെ കുത്തിനെ തുടർന്ന് വേട്ടക്കാരൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. അതിന് പിന്നാലെ കാട്ടുപന്നിയും കിണറ്റിലേക്ക് എടുത്തുചാടി. തുടർന്ന് കിണറ്റിൽ വച്ചാണ് വേട്ടക്കാരനും കാട്ടുപന്നിയും തമ്മിൽ ഏറ്റുമുട്ടിയത്.
മലപ്പുറം കാളികാവ് മാളിയേക്കൽ വച്ചാണ് സംഭവം. ഷാർപ്പ് ഷൂട്ടറായ അയ്യപ്പനാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. വെടിവെച്ചു വീഴ്ത്താനായി ഉന്നം പിടിച്ചു നിന്നിരുന്ന അയ്യപ്പന് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. കിണറ്റിൽ വച്ചും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഒപ്പം ഉണ്ടായിരുന്ന വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. കിണറ്റിൽ വെള്ളം ഉണ്ടായിരുന്നതിനാൽ അയ്യപ്പന് വീഴ്ചയിൽ പരിക്കേറ്റിരുന്നില്ല. കാട്ടുപന്നിയെ വെടിവെച്ച് കൊന്നശേഷം അയ്യപ്പനെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു.
Also Read: സംസ്ഥാനത്ത് ചൂട് കൂടുന്നു: 9 ജില്ലകളിലെ താപനില ഉയർന്ന നിലയിൽ
Post Your Comments