Latest NewsKerala

കരാട്ടെ പഠിപ്പിക്കുന്നതിനിടെ ലൈംഗിക ചൂഷണം, കൊലപാതകമെന്ന് ആരോപണം, അധ്യാപകൻ കസ്റ്റഡിയിൽ

മലപ്പുറം: പതിനേഴുകാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ കരാട്ടെ അധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹമാണ് ചാലിയാറിൽ കണ്ടെത്തിയത്. പ്രതി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി.

ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെ ആയിരുന്നു പെൺകുട്ടിയെ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി. പെൺകുട്ടി ഒരിക്കലും ജീവനൊടുക്കില്ലെന്നും കടുത്ത മനപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.

പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാർ വെളിപ്പെടുത്തി. അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകൻ ഒരു പോക്സോ കേസിൽ അറസ്റ്റിലാവുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസിൽ ഇയാൾ പിന്നീട് പുറത്തിറങ്ങി.

താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.

ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തിൽനിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന് കരുതാവുന്ന അവസ്ഥയിലല്ല പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരിൽ ചിലരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button