രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ മയക്കുമരുന്ന് കടത്ത്. ഡൽഹി, പൂനെ എന്നീ നഗരങ്ങളിൽ നിന്നായി 2500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പോലീസ് പരിശോധനയിൽ 1100 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. നിലവിൽ, അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.
സിന്തറ്റിക് ഉത്തേജക മരുന്നാണ് മെഫെഡ്രോൺ. നേരത്തെ പൂനെയിൽ നിന്ന് 700 കിലോഗ്രാം മെഫെഡ്രോൺ പിടിച്ചെടുക്കുകയും, മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഡൽഹിയിലെ ഖാസ് ഹൗസ് പ്രദേശത്തെ ഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തിയത്. ഗോഡൗണുകളിൽ നടന്ന റെയ്ഡിൽ 400 കിലോ സിന്തറ്റിക് ഉത്തേജക വസ്തു പിടിച്ചെടുത്തു. പൂനെയിലെ സംഭരണശാലകളിൽ നിന്നും ഗോഡൗണുകളിൽ എത്തിച്ചാണ് ലഹരി വിൽപ്പന നടക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകളെ പിടികൂടുന്നതിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
Also Read: ചരിത്ര പ്രസിദ്ധമായ ആനയോട്ടത്തിന് സാക്ഷ്യം വഹിച്ച് ആയിരങ്ങൾ, ഇക്കുറി ഒന്നാമൻ ഗോപീകണ്ണൻ
Post Your Comments