ചരിത്ര പ്രസിദ്ധമായ ആനയോട്ട മത്സരത്തിൽ ഒന്നാമതെത്തി ഗോപീകണ്ണൻ. ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ആനയോട്ടത്തിന് ഇക്കുറിയും ആയിരക്കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്. തുടർച്ചയായ ഒമ്പതാം തവണയാണ് ഗോപീകണ്ണൻ ആനയോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എംജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീകണ്ണൻ. സുരക്ഷ കണക്കിലെടുത്ത് ഇത്തവണ 10 ആനകൾ മാത്രമാണ് ആനയോട്ട മത്സരത്തിൽ അണിനിരന്നത്.
ആനയോട്ടത്തിനു ശേഷമുള്ള പതിവ് ആനയൂട്ട് ഉണ്ടായിരിക്കുകയില്ല. പാപ്പാന്മാരുടെ നിയന്ത്രണത്തിലാണ് ആനയോട്ട മത്സരം നടന്നത്. മഞ്ജുളാൽ മുതൽ ക്ഷേത്ര നട വരെ ഓടിയെത്തുന്ന ആനയാണ് ആനയോട്ട മത്സരത്തിൽ ഒന്നാമതെത്തുക. ഇന്ന് രാത്രിയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുക. ഉത്സവത്തിന്റെ രണ്ടാം ദിനമായ നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വയ്‌ക്കും. മാർച്ച് ഒന്നിന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.
Post Your Comments