KeralaLatest News

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും കൊലപാതകം തെളിഞ്ഞില്ല, ശില്പ മകളെ കൊന്നത് ഒപ്പം താമസിച്ച യുവാവിനോടുള്ള പക മൂലം

ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്പയെ (29) പോലീസ് അറസ്റ്റുചെയ്തു. ശില്പയുടെ മകള്‍ ശികന്യയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ശില്പയും പാലക്കാട് പിരായിരി സ്വദേശിയായ യുവാവും ചേര്‍ന്നാണ് കുഞ്ഞുമായി ഷൊര്‍ണൂരിലെ ആശുപത്രിയിലെത്തിയത്.

ആശുപത്രിയിലെത്തുമ്പോള്‍ കുഞ്ഞ് മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയുംചെയ്തു. തുടര്‍ന്ന്, ഷൊര്‍ണൂര്‍ പോലീസ് ശില്പയെ കസ്റ്റഡിയിലെടുത്തു. അന്നുതന്നെ യുവാവിന്റെ പരാതിയില്‍ അസ്വാഭാവികമരണത്തിന് കേസെടുക്കുകയുംചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ അമ്മതന്നെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണമായ ക്ഷതമില്ലെന്ന് അന്ന് അറിഞ്ഞിരുന്നു.

എന്നാല്‍, വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ശില്പ മാവേലിക്കരയിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. അതിനുശേഷം ഓട്ടോറിക്ഷയിലും കാറിലുമായി മുമ്പ് കൂടെ താമസിച്ചിരുന്ന യുവാവ് ജോലിചെയ്യുന്ന ഷൊര്‍ണൂരിലെ തിയേറ്ററിലെത്തി.

ഇവിടെ കുഞ്ഞിനെ നിലത്തുവെച്ച് സംസ്‌കരിക്കാന്‍ സ്ഥലമാവശ്യപ്പെട്ടതായി യുവാവ് പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാട്സാപ്പ് സന്ദേശവും യുവാവിന് അയച്ചിരുന്നു.മാവേലിക്കര കുടുംബകോടതിക്ക് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെ ഷൊര്‍ണൂര്‍ പോലീസ് ശില്പയുമായെത്തി തെളിവെടുപ്പ് നടത്തി. മറ്റൊരാള്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ രണ്ടാഴ്ചയായി ശില്പ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വാടകവീട്ടിലെ കിടപ്പുമുറിയില്‍വെച്ച് കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട് വാടയ്‌ക്കെടുത്തയാളുടെ ഫോണ്‍ സ്വിച്ച്ഓഫാണെന്നും വീട്ടിലെത്തുമ്പോള്‍ കതക് തുറന്നുകിടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍. രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശില്പയെ അറസ്റ്റുചെയ്തു. കൂടെത്താമസിച്ചിരുന്ന യുവാവിനോടുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button