Latest NewsNewsIndia

നാഗ്പൂർ-ഗോവ ശക്തിപീഠ് എക്‌സ്‌പ്രസ് വേ, 21 മണിക്കൂർ യാത്രയ്ക്ക് ഇനി വേണ്ടത് വെറും എട്ട് മണിക്കൂർ

ട്രെയിനിൽ വന്ദേ ഭാരത് എക്സ്പ്രസുകളുടെയും റോഡിൽ എക്സ്പ്രസ് വേകളുടെയും സമയമാണിത്. വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രകൾ സുഗമമാക്കുവാനും നിരവധി എക്സ്പ്രസ്വേകൾ വരാനിരിക്കുകയാണ്. ഇപ്പോഴിതാ, നാഗ്പുർ‌ – ഗോവ ശക്തിപീഠ് എക്സ്പ്രസ് വേ വരികയാണ്. ഈ റൂട്ടിലുള്ള യാത്ര സംബന്ധിച്ച ചില വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയേയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിപീഠ് എക്സ്പ്രസ് വേ റോഡ് ഗതാഗത രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തിപീഠ് എക്സ്പ്രസ് വേയ്ക്ക് എക്നാഥ് ഷിൻഡെ സർക്കാരിന്റെ അനുമതി ലഭിച്ചു. ഇതോടെ ഭൂമിയേറ്റെടുക്കലിനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഏകദേശം 83,600 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ഗതാഗതം മാത്രമല്ല, ചരക്കു നീക്കവും തൊഴിലവസരങ്ങളും വ്യവസായങ്ങളും എല്ലാം പ്രോത്സാഹിപ്പിക്കുന്ന ഈ പാത സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള വികസനത്തെ പിന്തുണയ്ക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. 2028-29 സാമ്പത്തിക വർഷം എക്‌സ്പ്രസ് വേ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിലെ വർദ്ധ ജില്ലയിലെ വിദർഭയിൽ നിന്നും തുടങ്ങി ഗോവ അതിർത്തിയിലുള്ള കൊങ്കണിലെ പത്രദേവി വരെ നീളുന്ന ശക്തിപീഠ് അതിവേഗ പാത ആറുവരിപ്പാതയായാണ് നിര്‍‌മ്മിക്കുന്നത്. 760 കിലോമീറ്റർ നീളത്തില് നിർമ്മിക്കുന്ന ഈ പാത പൂർത്തിയാകുമ്പോഴേയ്ക്കും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ എക്സ്പ്രവ് വേ കൂടിയായിരിക്കും. മഹാരാഷ്ട്രയിലെ വർദ്ധ, ഹിങ്കോളി, നന്ദേഡ്, പർഭാനി, ബീഡ്, ലാത്തൂർ, ധാരാശിവ്, ഷോലാപൂർ, സാംഗ്ലി, കോലാപ്പൂർ, സിന്ധുദുർഗ് എന്നിങ്ങനെ 11 ജില്ലകളിലൂടെയും ഗോവയിലെ ഒരു ജില്ലയിലൂടെയും ആണ് നിർദ്ദിഷ്ട പദ്ധതി അനുസരിച്ച് അതിവേഗ പാത കടന്നുപോകുക.

ഹൈന്ദവ വിശ്വാസത്തിലെ ശക്തി പീഠങ്ങളായ മഹാലക്ഷ്മി, തുൾജാഭവാനി, പത്രാദേവി എന്നീ മൂന്ന് ശക്തിപീഠങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു. ഇതിനാലാണ് ശക്തിപീഠ് എക്സ്പ്രസ് വേ എന്ന പേര് വന്നത്. ശക്തിപീഠ് എക്സ്പ്രസ് പാതയുടെ പ്രധാന ആകർഷണം അതിന്‍റെ യാത്രാ സമയം തന്നെയാണ്, നിലവിൽ 21 മണിക്കൂർ വേണ്ടിവരുന്ന യാത്ര ഈ പാത വരുന്നതോടെ വെറും എട്ടു മണിക്കൂറായി ചുരുങ്ങും. യാത്രയ്ക്ക് മൂന്നിലൊന്ന് സമയം മാത്രം വേണ്ടി വരുന്നതോടെ വിനോദസഞ്ചാരം, വ്യവസായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ പുരോഗതിയും വരും. 2023 മാർച്ചിൽ ആണ് പദ്ധതി അംഗീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button