KeralaLatest NewsIndia

തിരുവനന്തപുരത്തു നിന്നും യാത്ര ആരംഭിക്കാൻ മറ്റൊരു വന്ദേഭാരതും: ചെന്നൈ മലയാളികൾക്കും സന്തോഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ മൂന്നാം വന്ദേഭാരത് സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ തെക്കൻ കേരളത്തിന് സന്തോഷം നൽകുന്ന വാർത്തയാണ് റയിൽവെയിൽ നിന്നും ലഭിക്കുന്നത്. ചെന്നൈ – നാഗർകോവിൽ ജംഗ്ഷൻ വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കുമെന്നാണ് റയിൽവെ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തു നിന്നും ചെന്നൈക്കും മധുരക്കും യാത്ര ചെയ്യുന്നവർക്ക് കൂടി ഉപകാരപ്പെടുന്നതാണ് ചെന്നൈ – നാഗർകോവിൽ ജംഗ്ഷൻ വന്ദേഭാരത് ട്രെയിൻ. കഴിഞ്ഞ തിങ്കളാഴ്ച്ച പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തിരുവനന്തപുരം- ചെന്നൈ യാത്രാ സമയത്തിൽ മൂന്നര മണിക്കൂറോളം ലാഭിക്കാനാകും.

ചെന്നൈ സെൻട്രലിൽ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെ 05:15ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സർവീസ്. മടക്കയാത്ര ഉച്ചയ്ക്ക് 02:20നാണ് നാഗർകോവിലിൽ നിന്ന് പുറപ്പെടുക. തുടർന്ന് രാത്രി 12:05ന് ചെന്നൈയിൽ എത്തിച്ചേരും. താംബരം, വിളിപ്പുറം, തിരുച്ചിറപ്പള്ളി ജംഗ്ഷൻ, ദിണ്ടിഗൽ, മധുരൈ, വിരുദുനഗർ, തിരുന്നൽവേലി എന്നിവയാണ് സ്റ്റോപ്പുകൾ.

രാവിലെ ചെന്നൈയിൽ നിന്ന് വന്ദേഭാരതിൽ കയറുന്നവർക്ക് ഉച്ചയോടെ നാഗർകോവിലിൽ എത്താൻ കഴിയും. തുടർന്ന് ഇവിടെ നിന്ന് ട്രെയിനിലും ബസിലുമായി തിരുവനന്തപുരത്തേക്ക് എത്താം. ഒന്നര മണിക്കൂറിൽ താഴെ സമയം മാത്രമാണ് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് എക്‌സ്പ്രസ് ട്രെയിനുകൾക്ക് വേണ്ടത്. സമാനമായി ചെന്നൈയിലേക്കുള്ള മലയാളി യാത്രക്കാർക്ക് ഉച്ചയ്ക്ക് 02:20ന് മുമ്പായി കേരളത്തിൽ നിന്ന് നാഗർകോവിലിലെത്തി വന്ദേഭാരതിൽ ചെന്നൈക്ക് പോകാനും കഴിയും.

നിലവിൽ ചെന്നൈയിൽ നിന്നും നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ വന്ദേ ഭാരത് 8 മണിക്കൂർ 55 മിനിറ്റ് കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. നിലവിൽ മറ്റുട്രെയിനുകൾ 11 മുതൽ 13 മണിക്കൂർവരെ സമയമെടുക്കുന്ന റൂട്ടിൽ ഒമ്പതര മണിക്കൂർ കൊണ്ട് പുതിയ വന്ദേഭാരത് ഓടിയെത്തും. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ സർവീസ് ഉപകാരപ്പെടും.

പുതിയ വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ് വ്യാഴാഴ്ച്ച പ്രധാനമന്ത്രി നിർവഹിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് ചടങ്ങ് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദർശനം റദ്ദാക്കിയതോടെ ഉദ്ഘാടനവും മാറ്റിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button