Latest NewsNewsIndia

റെയില്‍വെ ബജറ്റില്‍ കേരളത്തിന് വന്‍ നേട്ടം: 3042 കോടി രൂപയുടെ പദ്ധതികള്‍

ന്യൂഡല്‍ഹി: റെയില്‍വെയില്‍ വന്‍ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന് റെയില്‍ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

Read also: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവൻ ! ബന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിലെ ഛോട്ടാ ഭീം അന്ത്യശ്വാസം വലിച്ചു

റെയില്‍വെയില്‍ 15742 കോടി രൂപയുടെ വികസനം നടത്തി. 35 സ്റ്റേഷനുകള്‍ നവീകരിച്ചു. പുതിയ 14000 അണ്‍റിസര്‍വര്‍ഡ് കോച്ചുകള്‍ നിര്‍മ്മിച്ചു. 100 കിലോമീറ്റര്‍ ദൂരത്തില്‍ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടില്‍ സര്‍വീസാണ് റെയില്‍വെയില്‍ വരുന്ന പ്രധാന മാറ്റം. രാജ്യത്താകെ ഇത്തരത്തില്‍ 50 ട്രെയിനുകള്‍ കൊണ്ടുവരും. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ – നഞ്ചന്‍കോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തും. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയില്‍വേ പാത യുടെ കാര്യത്തില്‍ ത്രികക്ഷി കരാറില്‍ ഏര്‍പെടാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് 2009 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപ മാത്രമാണ് നീക്കിവച്ചതെന്ന് ചൂണ്ടിക്കാട്ടിയ റെയില്‍വെ മന്ത്രി, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 125 കിലോമീറ്റര്‍ പാത നിര്‍മിച്ചതായും 493 കിലോമീറ്റര്‍ വൈദ്യുതീകരിച്ചതായും പറഞ്ഞു. സംസ്ഥാനം പൂര്‍ണമായും വൈദ്യുതീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് പുതിയ പാതകളുടെ പദ്ധതികള്‍ നടത്തിപ്പിലാണെന്നും 419 കിലോമീറ്റര്‍ ആകെ ദൂരം വരുന്ന ഈ പദ്ധതികള്‍ക്കായി 12350 കോടി രൂപ ചെലവ് കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 35 സ്റ്റേഷനുകള്‍ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിന് 2560 കോടി രൂപ ചെലവാക്കി. 2014 ന് ശേഷം 114 റെയില്‍ ഫ്‌ലൈ ഓവറുകളും പാലങ്ങളും അടിപ്പാതകളും നിര്‍മിച്ചു. 51 ലിഫ്റ്റും 33 എസ്‌കലേറ്ററുകളും സ്ഥാപിച്ചു. 120 സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം കൊണ്ടുവന്നു. രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതും നേട്ടമായി റെയില്‍വെ മന്ത്രി വിശദീകരിച്ചു.

ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോര്‍ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ചിറയിനിക്കില്‍, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍, കണ്ണൂര്‍, കാസര്‍കോട്, കായംകുളം, കൊല്ലം, കോഴിക്കോട് മെയിന്‍ (കാലിക്കറ്റ്), കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ , തലശ്ശേരി, തിരുവനന്തപുരം, തൃശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button