പത്തനംതിട്ട: ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി. ജോർജ് ആക്ഷേപിച്ചു. മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ടയില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കാശ് തന്നാൽ എ ബജറ്റ്. കാശ് തന്നില്ലെങ്കിൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബറിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റിൽ ഈ തൊപ്പിയ മന്ത്രി 10 രൂപ കൂട്ടിയെന്ന്. അവന്റെ അപ്പന് കൊണ്ട് കൊടുക്കട്ടെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ല. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല. മത്സരിച്ചാല്‍ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. എന്റ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചു’, പി.സി ജോർജ് പറഞ്ഞു.
തിങ്കളാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റിലാണ് റബർ താങ്ങുവില 10 രൂപ കൂട്ടിയതായി പ്രഖ്യാപിച്ചത്. റബറിന്റെ താങ്ങുവില 170 നിന്ന് 180 രൂപയായാണ് സർക്കാർ ഉയർത്തിയത്. ഇതിനെതിരേയാണ് പി.സിയുടെ അധിക്ഷേപ പരാമർശം.
Post Your Comments