കോട്ടയം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വിലയിലും വൻ വർധനവ്. ഒരു മാസത്തിനുള്ളിൽ 100 രൂപയാണ് പന്നിയിറച്ചിക്ക് കൂടിയത്. എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 400 രൂപയും, എല്ലോട് കൂടിയതിന് 340 രൂപയുമാണ് നിലവിലെ വില. അന്യസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വൻകിട പന്നി ഫാമുകാർ വില വർധിപ്പിക്കുകയായിരുന്നു.
ക്രിസ്മസിന് മുൻപ് എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 300 രൂപയായിരുന്നു വില, എല്ലോട് കൂടിയതിന് 280 രൂപയും. ഒരുമാസത്തിനിടയിൽ ഓരോ ആഴ്ചയും 20 രൂപ വീതം വർധിക്കുകയാണ്. വില ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വൻകിട പന്നി ഫാമുകാർ വില കൂട്ടിയതാണ് തങ്ങളും വില കൂട്ടാൻ കാരണമെന്ന് പന്നി കശാപ്പ് ചെയ്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന വ്യാപാരികൾ പറഞ്ഞു. പന്നിപ്പനിയുടെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നതും വൻകിട ഫാമികളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് ആരോപണം.
വൻകിട പന്നിഫാമുകളിൽ നിന്ന് നാഗാലാന്റിലേക്കു പന്നികളെ കയറ്റുമതി ചെയ്യുന്നതും കേരളത്തിൽ പന്നിക്ഷാമത്തിന് കാരണമാകുന്നു. മുൻപ് ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി പന്നികളെ എത്തിച്ചിരുന്നു. ചെറുകിട ഫാമുകൾ സംസ്ഥാനത്ത് വ്യാപകമായിരുന്നുവെങ്കിലും മലിനീകരണ പ്രശ്നം, പരാതികൾ, വിലക്കുറവ് എന്നീ കാരണങ്ങളാൽ പലരും കൃഷി ഉപേക്ഷിച്ചതും ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. പോത്തിറച്ചി വില വർദ്ധിച്ചതോടെ നിരവധി പേർ പന്നി ഇറച്ചിയിലേക്ക് തിരിഞ്ഞിരുന്നു.
Post Your Comments