മാനന്തവാടി: വയനാട് മാനന്തവാടിയെ മണിക്കൂറുകളോളം വിറപ്പിച്ച തണ്ണീർ കൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ. തണ്ണീർ കൊമ്പനെ പിടികൂടി കാട്ടിൽ തുറന്നുവിടാനുള്ള ദൗത്യമാണ് വനം വകുപ്പ് വിജയകരമായി പൂർത്തിയാക്കിയത്. നിലവിൽ, കർണാടകയിൽ എത്തിച്ച തണ്ണീർ കൊമ്പനെ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് കാട്ടുകൊമ്പന് മയക്കുവെടി വെച്ചത്. തുടർന്ന് രാത്രി 10 മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.
ആനയുടെ പിൻഭാഗത്ത് ഇടതുകാലിന്റെ മുകളിലായാണ് മയക്കുവെടി വെച്ചത്. പിന്നീട് രണ്ട് തവണ ബൂസ്റ്റർ ഡോസുകളും നൽകിയിരുന്നു. മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അൽപ ദൂരം മുന്നോട്ടു നീങ്ങിയിരുന്നു. തണ്ണീർ കൊമ്പൻ പൂർണ്ണമായും മയങ്ങിയതിനു ശേഷമാണ് പിന്നീടുള്ള ദൗത്യം ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3:00 മണിയോടെയാണ് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള പായോട് എന്ന പ്രദേശത്ത് തണ്ണീർ കൊമ്പൻ എത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ മണിക്കൂറുകളോളം വിവഹരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കർണാടക വനം വകുപ്പ് തണ്ണീർ കൊമ്പനെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടത്.
Post Your Comments