ന്യൂഡൽഹി: കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ സാധാരണക്കാർക്ക് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. ഭാരത് എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന അരി അടുത്തയാഴ്ചയോടെയാണ് വിപണിയിൽ എത്തുക. ഇതോടെ, കിലോയ്ക്ക് 29 രൂപ നിരക്കിൽ അരി ലഭ്യമാകും. നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകൾ അറിയിക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിലക്കയറ്റം, മറിച്ചു വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനായാണ് സ്റ്റോക്കുകളെ കുറിച്ചുള്ള കണക്കുകൾ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത ആഴ്ച മുതൽ 5, 10 കിലോ പാക്കറ്റുകളിലായാണ് അരി എത്തുക. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെയും, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും ഭാരത് അരി ലഭ്യമാകുന്നതാണ്. ആദ്യ ഘട്ടത്തിൽ ചില്ലറ വിപണിയിൽ വിൽക്കാനായി 5 ലക്ഷം ടൺ അരി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അതേസമയം, എല്ലാ വെള്ളിയാഴ്ചകളിലും അരിയുടെ സ്റ്റോക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ https://evegoils.nic.in/rice/login.html എന്ന വെബ്സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
Post Your Comments