KeralaLatest NewsIndia

ഭാരത് റൈസിനെ വെട്ടാന്‍ കെ റൈസ്, അഞ്ചു കിലോ വീതം വില കുറച്ച് വിൽക്കും: പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി. കെ റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭക്ഷ്യമന്ത്രി ജിആര്‍ അനിലാണ് ഇന്ന് കെ റൈസ് പ്രഖ്യാപിക്കുക.

മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചാകും ഉദ്ഘാടന തീയതി തീരുമാനിക്കുക. റേഷന്‍ കാര്‍ഡുടമകള്‍ക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി ഇനങ്ങള്‍ 30രൂപയ്ക്കും സപ്ലൈകോ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും.

ഭാരത് അരി 29 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വില നിശ്ചയിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം. നാളത്തെ മന്ത്രിസഭാ യോഗം വിലയില്‍ അന്തിമ തീരുമാനമുണ്ടാകും.അരി നല്‍കാന്‍ കെ റൈസ് എന്ന് പ്രിന്റ് ചെയ്ത തുണിസഞ്ചി വാങ്ങി സൂക്ഷിക്കണമെന്ന് സപ്ലൈകോ സിഎംഡി ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തിലെ ഭാരത് റൈസ് വിതരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധമെന്നാണ് സിപിഎം കരുതുന്നത്. ഇത് തിരിച്ചടിയാകുമെന്ന ആശങ്ക കൂടി സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കെ- റൈസ് പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button