ന്യൂഡൽഹി: കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാൽ രാജ്യ തലസ്ഥാനത്ത് ജനജീവിതം ദുസഹമാകുന്നു. കൊടും തണുപ്പിന് പിന്നാലെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ മുതൽ ഡൽഹിയിൽ മഴ പെയ്യുന്നുണ്ട്. ഇതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും ഡൽഹിയിൽ നിലവിലെ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിലെ വ്യോമ-റെയിൽ-റോഡ് ഗതാഗത സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിലെ നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ ജാഗ്രത മുന്നറിയിപ്പുകൾ നൽകണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: കത്ത് നൽകി ഗ്രാമപഞ്ചായത്ത്
Post Your Comments